23
Jan 2025
Wed
23 Jan 2025 Wed
Gopan swami samadhi court hearing

തിരുവനന്തപുരം: കുടുംബക്കാര്‍ സമാധിയിരുത്തിയെന്ന് അവകാശപ്പെടുന്ന നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സമാധിപീഠം തുറക്കാനായുള്ള കളക്ടറുടെ ഉത്തരവ് ബുധനാഴ്ച ഉണ്ടായേക്കും. (Neyyattinkara Gopan Swami samadhi case court hearing) അതിനിടെ ‘സമാധി’ പൊളിക്കാനുള്ള നീക്കത്തിനെതിരെ നിയമപരമായി നീങ്ങാന്‍ ഒരുങ്ങുകയാണ് കുടുംബം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. അതേസമയം, മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമാധി പൊളിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പൊലീസ്.

തിങ്കളാഴ്ച സമാധിസ്ഥലം തുറക്കാനുള്ള ശ്രമം സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പോലീസ് ഉപേക്ഷിക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവുണ്ടായാല്‍ ബുധനാഴ്ച ശക്തമായ പോലീസ് സുരക്ഷയില്‍ സമാധി തുറക്കാനാണ് ശ്രമം.

ALSO READ: ഗോപന്‍ സ്വാമിയുടെ സമാധി ദിവസം രണ്ടുപേര്‍ വീട്ടിലെത്തിയെന്ന് മക്കളുടെ മൊഴി; മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമം തടഞ്ഞ് സംഘപരിവാര സംഘടനകള്‍

ഗോപന്‍ സ്വാമി സമാധിയായതാണെന്ന് കുടുംബം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. സമാധിയായെന്ന് മക്കള്‍ പ്രഖ്യാപിച്ചതിന് മൂന്ന് ദിവസം മുമ്പാണ് ചികിത്സക്കായി ഗോപന്‍ സ്വാമി ആശുപത്രിയില്‍ പോയത്.

അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്ന് മക്കള്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നുമാണ് പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞത്.

ഗോപന്‍ സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്തും പൊലീസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന് മക്കള്‍ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി.

കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുപേര്‍ രാവിലെ വന്ന് ഗോപന്‍ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകന്‍ മൊഴി നല്‍കിയിരിക്കുന്നത്.

വീട്ടുകാര്‍ നല്‍കിയ മൊഴിപ്രകാരം ഗോപന്‍സ്വാമി സ്വയമേ നടന്ന് സമാധിപീഠത്തിലിരുന്നെന്നും തുടര്‍ന്ന് സമാധിയായെന്നുമാണ്. ജീവല്‍സമാധിയായതിനാലാണ് നാട്ടുകാരെയോ, ബന്ധുക്കളെയോ അറിയിക്കാത്തതെന്നുമാണ് പറഞ്ഞത്. എന്നാല്‍ മരണം സ്ഥിരീകരിക്കാനായി വീട്ടുകാര്‍ ഡോക്ടറെക്കൊണ്ട് പരിശോധന നടത്തിയില്ല.

ഇതാണ് നാട്ടുകാരില്‍ സംശയമുളവാക്കിയതും പോലീസില്‍ പരാതി നല്‍കാനിടയാക്കിയതും. ഗോപന്‍സ്വാമിയുടെ തിരോധാനത്തില്‍ കുറ്റകൃത്യം നടന്നെന്ന നിലപാടാണ് പോലീസിന്. അതുകൊണ്ട് സമാധി പൊളിക്കുന്നതിനു വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്ന് ഡിവൈ.എസ്.പി. എസ്.ഷാജി പറഞ്ഞു.

ഹൈക്കോടതിയില്‍ ഇന്ന് റിട്ട് നല്‍കും

അച്ഛന്‍ സ്വമേധയ സമാധിയായതാണെന്നും ജീവല്‍ സമാധിയായതിനാല്‍ ഹൈന്ദവ ആചാരപ്രകാരം സമാധി തുറക്കാനാവില്ലെന്ന വാദമുയര്‍ത്തി ഗോപന്‍സ്വാമിയുടെ ഭാര്യയും മക്കളും ബുധനാഴ്ച ഹൈക്കോടതിയെ സമീപിക്കും. ബുധനാഴ്ച രാവിലെ റിട്ട് പെറ്റീഷന്‍ സമര്‍പ്പിക്കുമെന്ന് വീട്ടുകാരുടെ അഭിഭാഷകനായ രഞ്ജിത്ചന്ദ്രന്‍ വ്യക്തമാക്കി.

തിങ്കളാഴ്ചയുണ്ടായ സംഭവവികാസങ്ങള്‍ക്കിടെ സബ്കളക്ടറുടെയും ഡിവൈ.എസ്.പി.യുടെയും നേതൃത്വത്തില്‍ വിളിച്ച യോഗത്തില്‍ സമാധി പൊളിക്കുന്നതു സംബന്ധിച്ച് ആര്‍.ഡി.ഒ.യോ, കളക്ടറോ നോട്ടീസ് നല്‍കണമെന്നാണ് വീട്ടുകാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് മൂത്തമകന്‍ സനന്ദന്‍ വ്യക്തമാക്കി.