കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ തലക്കടിച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. (Chendamangalam mass murder details emerged) സഹോദരിയെ കുറിച്ച് ജിതിന്‍ മോശമായി സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി റിതു ജയന്റെ മൊഴി.
പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
|
പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ജിതിനെ ആക്രമിക്കാന്‍ വേണ്ടിയാണ് പ്രതി എത്തിയത്. തടയാന്‍ ശ്രമിച്ച കുടുംബത്തെയും ആക്രമിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും. വേണു, ഉഷ, വിനീഷ എന്നിവരെയാണ് അയല്‍വാസി റിതു അടിച്ചു കൊലപ്പെടുത്തിയത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു. ഇവരെ കൂടാതെ രണ്ട് പെണ്‍കുട്ടികളും വീട്ടിലുണ്ടായിരുന്നു. കുട്ടികള്‍ക്ക് പരിക്കില്ല.
പ്രതിയായ റിതുവിനെതിരെ സമീപവാസികള്‍ക്കെല്ലാം പരാതിയുണ്ട്. കൊല്ലപ്പെട്ട കുടുംബം ഉള്‍പ്പെടെ പലരും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
ഇയാള്‍ മാനസിക രോഗത്തിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി വെച്ചിരിക്കുകയാണെന്നും അത് കാണിച്ചാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്.
റിതു ജയന്‍ മൂന്നോളം കേസുകളില്‍ പ്രതിയാണെന്നും. ഇയാള്‍ നോര്‍ത്ത് പറവൂര്‍ പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു. പ്രതി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ അറസ്റ്റിലാണ്. വടക്കേക്കര, നോര്‍ത്ത് പറവൂര്‍ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ട്.


