തിരുവനന്തപുരം: മക്കള്‍ സമാധി ഇരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപന്‍ സ്വാമിയുടെ മരണം സ്വാഭാവിക മരണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞിട്ടില്ലെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. (Medical college authorities did not say that Gopan Swamy died of natural causes) തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഗോപന്‍ സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം സ്വാഭാവികമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
|
എന്നാല്‍, മെഡിക്കല്‍ കോളേജ് അധികൃതരുമായി സംസാരിച്ചുവെന്നും ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമാണ് എന്ന യാതൊരു റിപ്പോര്‍ട്ടും നിലവിലില്ലെന്നും അവര്‍ വ്യക്തമാക്കിയതായി അഡ്വ. ശ്രീജിത്ത് പെരുമന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
”ഗോപന്‍ സ്വാമിയുടെ മരണത്തില്‍ ആസ്വഭാവികത ഇല്ലെന്ന് മെഡിക്കല്‍ കോളേജ് ആരോടും പറഞ്ഞിട്ടില്ല, ആവശ്യമായ സാമ്പിളുകള്‍ പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. ഫലം വരുന്നതുവരെ ആസ്വഭാവികത തള്ളിക്കളയനാകില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വിട്ടുനല്‍കുന്നത് സ്വാഭാവിക നടപടിയാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍” പറഞ്ഞതായി ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.
അതേസമയം, ഗോപന്‍ സ്വാമിയുടെ ശ്വാസകോശത്തില്‍ ഭസ്മത്തിന്റെ അംശം കണ്ടെത്തിയതായി പോലീസ് അധികൃതര്‍ സൂചന നല്‍കി. മരിച്ചതിന് ശേഷമാണ് സ്ലാബിട്ട് മൂടിയതെങ്കില്‍ ശ്വാസകോശത്തില്‍ എങ്ങിനെ ഭസ്മം വന്നുവെന്ന സംശയമാണ് ഉയരുന്നത്.


