|
മുംബൈ: ബാന്ദ്രയിലെ വീട്ടിലെ മോഷണ ശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം പൂർണമായും സന്തോഷവാനാണ്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും. – ലീലാവതി ആശുപത്രി സിഒഒ ഡോ നീരജ് ഉത്തമനി പറഞ്ഞു.
തിങ്കളാഴ്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നും ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. വ്യാഴാഴ്ച അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയ്ഫ് അലി ഖാന്റെ നട്ടെല്ലിൽ നിന്ന് കത്തിയുടെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തെ ഇന്നലെ ഉച്ചയോടെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി.
അതേസമയം സെയ്ഫ് അലി ഖാന്റെ ഭാര്യ കരീന കപൂറിൻ്റെ മൊഴി ബാന്ദ്ര പൊലീസ് രേഖപ്പെടുത്തി.
ബാന്ദ്രയിലെ വസതിയിലെത്തിയാണ് പൊലീസ് കരീനയുടെ മൊഴി എടുത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 30 ലധികം പേരുടെ മൊഴികൾ ആണ് രേഖപ്പെടുത്തിയിട്ടുണ്ട്.
കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടർന്ന് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. നീല ഷർട്ട് ഇട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന അക്രമിയുടെ ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്.
അക്രമിയെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാന്ദ്ര പൊലീസിനൊപ്പം മുംബൈ ക്രൈംബ്രാഞ്ചും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വസതിയൽവച്ച് കുത്തേല്‍ക്കുന്നത്.
അതേസമയം അക്രമി ലക്ഷ്യവവച്ചത് സെയ്ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും ഇളയ മകൻ ജഹാംഗീറിനെ ആയിരുന്നുവെന്ന വിവരവും പുറത്തുവന്നു. ജഹാംഗീറിൻ്റെ മുറിയിലേക്കാണ് അക്രമി ആദ്യമെത്തിയതെന്ന് ജോലിക്കാരി വെളിപ്പെടുത്തി.
കുട്ടിയുടെ മുറിയിൽ വെച്ചാണ് ജോലിക്കാരി അക്രമിയെ കണ്ടത്. പിന്നാലെ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുകൈകളിലും ആയുധങ്ങളുമായെത്തിയ അക്രമി ജോലിക്കാരിയെ ആക്രമിക്കുകയും ചെയ്തു. ബഹളം കേട്ട് സെയ്ഫ് അലി ഖാനും കരീന കപൂറും മുറിയിലേക്ക് ഓടിയെത്തുകയും കയ്യാങ്കളിയിൽ സെയ്ഫിന് പരിക്കേൽക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. നട്ടെല്ലിന് സമീപത്തടക്കം സെയ്ഫിന് കുത്തേറ്റു. സെയ്ഫ് അലി ഖാന് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആറു കുത്തുകളാണ് സെയ്ഫ് അലി ഖാന് ഏറ്റത്. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള ലീലാവതി ആശുപത്രിയിലേക്ക് സമയമൊട്ടും കളയാതെ എത്താന്‍ അവസരോചിത നീക്കം സഹായിച്ചു.


