24
Jan 2025
Fri
24 Jan 2025 Fri
waqf

പൊന്നാനി: ഇന്ത്യയിലെ ഏറ്റവും വലിയ മതവിഭാഗമായ മുസ്ലിംകളുടെയും ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും ആവശ്യങ്ങളും താല്‍പര്യങ്ങളും പൂര്‍ണമായും തള്ളികളഞ്ഞ ജെപിസി നിലപാട് ഇന്ത്യന്‍ ഭരണഘടനയുടെ നേര്‍ക്ക് നടത്തിയ കൈയേറ്റമാണെന്ന് മുന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ. (Waqf: JPC’s stance is a challenge to the Indian Constitution: KM Qasim Koya)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും ആശയപ്രചാരണം നടത്താനും സ്വാതന്ത്ര്യം നല്‍കുന്ന ഇന്ത്യന്‍ മതേതര – ജനാധിപത്യ വ്യവസ്ഥിതി കളങ്കപ്പെടാതെ നിലനിര്‍ത്താന്‍ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത – വിശ്വാസ അന്തരങ്ങള്‍ ഇല്ലാതെ എല്ലാവരും ഒന്നിച്ചു ചേര്‍ന്ന് നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യവും തുടര്‍ന്ന് സ്ഥാപിച്ച മതേതരത്വ – ജനാധിപത്യ വ്യവസ്ഥിതിയും. മുസ്ലിംകളാവട്ടെ, സ്വാതന്ത്ര്യത്തിനും ഇന്ത്യയുടെ യശ്ശസിനും വേണ്ടി നടത്തിയ ത്യാഗവും പ്രതിബദ്ധതയും ചരിത്ര സത്യങ്ങളാണ് താനും.

അന്യര്‍ക്ക് ഗുണമല്ലാതെ യാതൊരു ഉപദ്രവവും ഏല്‍പ്പിക്കാതെ നാളിതു വരെ രാജ്യത്ത് നിലനില്‍ക്കുന്ന വഖഫ് സമ്പ്രദായം എന്ത് കാരണത്താലാണ് മാറ്റിമറിക്കുന്നതെന്നും ഒരു കൂട്ടരുടെ മതപരമായ കാര്യങ്ങളുടെ ബോഡികളില്‍ ഇതര മതക്കാരെയും കുത്തിക്കടത്തുന്നത് എന്തിനാണെന്നും രാജ്യത്തോട് തൃപ്തികരമായി വിശദീകരിക്കാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍, നടക്കുന്നതോ, പ്രതിപക്ഷത്തിന്റെ വാക്കുകള്‍ പോലും മുഖവിലയ്‌ക്കെടുക്കാതെ ബി ജെ പി സര്‍ക്കാറിന്റെ ഏകപക്ഷീയവും ധിക്കാരപൂര്‍ണവുമായ ഭരണഘടനാ കയ്യേറ്റവും. ഇത് മുസ്ലിംകളോട് എന്നല്ലാ രാജ്യത്തോട് മൊത്തത്തിലുള്ള വെല്ലുവിളിയാണ് – ഖാസിംകോയതുടര്‍ന്നു.