16
Feb 2025
Sat
16 Feb 2025 Sat
Three Israeli captives, 369 Palestinians set for release

ഗസ്സ: ഡൊണാള്‍ഡ് ട്രംപിന്റെയും ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ഭീഷണികള്‍ക്കിടയിലും മുന്‍നിശ്ചയിച്ച പ്രകാരം ബന്ദിമോചന പദ്ധതിയുമായി ഹമാസ് മുന്നോട്ട്. (Gaza deal: Three Israeli captives, 369 Palestinians set for release) മുഴുവന്‍ ബന്ദികളെയും ഇന്ന് വൈകുന്നേരത്തിനകം കൈമാറിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് യുഎസ് പ്രസിഡന്റ് ആവര്‍ത്തിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, വെടിനിര്‍ത്തല്‍ കരാര്‍പ്രകാരമുള്ള മൂന്ന് ബന്ദികളെ മാത്രം ഇന്ന് മോചിപ്പിക്കാനാണ് ഹമാസ് തീരുമാനം. ട്രംപിന്റെ ചുവട് പിടിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രിയും മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. മൂന്ന് ഇസ്രായേലി ബന്ദികളെ വിട്ടയച്ചാല്‍ ധാരണ പ്രകാരം 369 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു.

ഇസ്രായേലി-അര്‍ജിന്റീന പൗരത്വമുള്ള യാഇര്‍ ഹോണ്‍, റഷ്യന്‍-ഇസ്രായേലി പൗരത്വമുള്ള അലക്‌സാണ്ടര്‍ തുര്‍ഫാനോവ്, യുഎസ്-ഇസ്രായേലി പൗരത്വമുള്ള സാഗുയി ഡെക്കല്‍ ചെന്‍ എന്നിവരാണ് ഇന്ന് മോചിതരാവുക. ഇവരുടെ വിശദാംശങ്ങള്‍ ഹമാസ് പുറത്തുവിട്ടു.

ഇതിന് പകരമായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 36 തടവുകാരെയും ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേല്‍ കസ്റ്റഡിയിലെടുത്ത 333 ഫലസ്തീനികളെയുമാണ് വിട്ടയക്കുക.

രണ്ടാംവട്ട ചര്‍ച്ചകളോട് മുഖംതിരിച്ച് നെതന്യാഹു
അതേസമയം, രണ്ടാംവട്ട വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയോട് മുഖം തിരിച്ച് ഇസ്രായേല്‍. അടുത്ത ആഴ്ച കൂടി കാത്തിരുന്നു മാത്രം മതി തുടര്‍ നടപടികള്‍ എന്നാണ് പ്രധാനമന്ത്രി നെതന്യാഹുവിന്റെ തീരുമാനമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാംവട്ട ചര്‍ച്ചയോട് ഇസ്രായേല്‍ ഇനിയും താല്‍പര്യം കാണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ല. എന്നാല്‍, ചര്‍ച്ചകളില്‍ ഹമാസ് പ്രത്യാശ പ്രകടിപ്പിച്ചു.

ഗസയിലേക്ക് മൊബൈല്‍ വീടുകളും കൂറ്റന്‍ യന്ത്ര സാമഗ്രികളും കൈമാറണമെന്ന ആവശ്യവും ഇസ്രായേല്‍ അനുവദിച്ചില്ല. അമേരിക്കന്‍ പിന്തുണയോടെ ഗസയില്‍ ഹമാസ് ഭരണം ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങളാണ് ഇസ്രായേല്‍ ആവിഷ്‌കരിച്ചു വരുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനികളെ പുറന്തള്ളി ഗസ ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും സമ്മര്‍ദനീക്കങ്ങളും അറബ് രാജ്യങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ട്രംപിന്റെ പദ്ധതിക്ക് ബദല്‍നിര്‍ദേശം സമര്‍പ്പിക്കാന്‍ അറബ്‌നേതാക്കള്‍ വ്യാഴാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ യോഗം ചേരും.

ഹമാസ് ഗസയുടെ അധികാരം വിടുകയും ഫലസ്തീനികളെ പുറന്തള്ളാതെ ഗസയുടെ പുനര്‍നിര്‍മാണം നടത്തുകയും വേണമെന്നുമാണ് അറബ് ലീഗ് മുന്നോട്ടുവെക്കുന്ന ബദല്‍ നിര്‍ദേശം എന്നാണ് സൂചന. ഗസയില്‍ കുട്ടികളുടെ ജീവിതം നരകതുല്യമായി തുകരുകയാണെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടി.

സമധാന കരാറുമായി മുന്നോട്ട് പോകണമെന്ന് ഇസ്രായേലികള്‍

ഹമാസുമായി ഇനി യുദ്ധം വേണ്ടെന്നും നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ട് പോകണമെന്നും ഭൂരിപക്ഷം ഇസ്രായേലികളും. കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള കരാറുമായി മുന്നോട്ട് പോകണോ അതോ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് പോകണോയെന്ന ചോദ്യമാണ് ഇസ്രായേലിലെ ജനങ്ങള്‍ക്ക് മുന്നില്‍ കാന്‍ ഉന്നയിച്ചത്.

ഇതില്‍ 61 ശതമാനം പേരും യുദ്ധം വീണ്ടും തുടങ്ങുന്നതിനെ അനുകൂലിച്ചില്ല. ഹമാസുമായുള്ള സമാധാനകരാറുമായി മുന്നോട്ട് പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

18 ശതമാനം ആളുകള്‍ മാത്രമാണ് ഇസ്രായേല്‍ യുദ്ധത്തിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടത്. 21 ശതമാനം പേര്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു കൃത്യമായ ഉത്തരം പറയാനാവുന്നില്ലെന്ന് അറിയിച്ചു.