20
Feb 2025
Sat
20 Feb 2025 Sat
lulu store opened in Madina

മദീന: മദീന മസ്ജിദുല്‍ നബവിയുടെ ചാരത്ത് ലുലു ഇന്റര്‍നാഷണല്‍ എക്‌സ്പ്രസ് സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് തീര്‍ഥാടകര്‍ക്ക് ആശ്വാസമാകും. ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ മദീന ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ മാസെന്‍ ബിന്‍ ഇബ്രാഹിം റജബാണ് മദീന ലുലു എക്‌സ്പ്രസ് സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അറേബ്യയുടെ വിഷന്‍ 2030 ന് കരുത്തേകുന്നത് കൂടിയാണ് മദീനയിലെ പുതിയ ലുലു സ്റ്റോര്‍. തീര്‍ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കുമായി ലോകോത്തര നിലവാരത്തിലുള്ള എക്‌സ്പ്രസ് സ്റ്റോറാണ് മദീനയില്‍ തുറന്നിരിക്കുന്നതെന്നും സൗദി അറേബ്യയുടെ പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടി യാഥാര്‍ത്ഥ്യമായതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. പുണ്യനരങ്ങളായ മക്കയിലും മദീനയിലും സേവനം വിപുലീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും സൗദി ഭരണകൂടം നല്‍കുന്ന പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്നും എം.എ യൂസഫലി വ്യക്തമാക്കി. ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നുണ്ടെന്നും തീര്‍ത്ഥാടകര്‍ക്ക് അടക്കം ഏറ്റവും മികച്ച സേവനം നല്‍കുകയാണ് ലുലുവിന്റെ ദൗത്യം. മദീനയില്‍ മൂന്ന് പുതിയ പദ്ധതികള്‍ അടക്കം സൗദി അറേബ്യയില്‍ നിരവധി പ്രൊജക്ടുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും എം.എ യൂസഫലി കൂട്ടിചേര്‍ത്തു.

സൗദി അറേബ്യയുടെ പ്രാദേശിക വികസനത്തിന് കരുത്തേകുന്നതാണ് മദീനയിലെ ലുലുവിന്റെ സാന്നിദ്ധ്യമെന്നും തീര്‍ഥാടകര്‍ക്ക് കൂടി സേവനം ഉറപ്പാക്കുന്ന ലുലുവിന്റെ നീക്കം പ്രശംസനീയമെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി വ്യക്തമാക്കി.

അല്‍ മനാഖ അര്‍ബന്‍ പ്രോജക്ട് ഡവലപ്മെന്റ് കമ്പനിയുമായി കൈകോര്‍ത്താണ് മദീനയിലെ പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോര്‍ യാഥാര്‍ഥ്യമായത്. ഇരുപതിനായിരത്തിലധികം സ്‌ക്വയര്‍ ഫീറ്റിലാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. ദൈനംദിന ഉത്പന്നങ്ങള്‍, ഫ്രഷ് ഫുഡ് സെക്ഷന്‍, മൊബൈല്‍ ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ അടക്കം ശേഖരമാണ് ലുലുവില്‍ ഉറപ്പാക്കിയിരുന്നത്.

ഷോപ്പിങ്ങ് സുഗമമാക്കുന്നതിനായി പുലര്‍ച്ചെ ആറ് മണി മുതല്‍ അര്‍ധരാത്രി 12 വരെ ലുലു എക്‌സ്പ്രസ് സ്റ്റോര്‍ തുറന്ന് പ്രവര്‍ത്തിക്കും. ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് മക്കയിലെ ലുലു സ്റ്റോറില്‍ ഉറപ്പാക്കിയിരിക്കുന്നത്.മൂന്ന് വര്‍ഷത്തിനകം നൂറ് സ്റ്റോറുകളെന്ന വികസനപദ്ധതിയിലാണ് ലുലു റീട്ടെയ്ല്‍. നേരത്തെ മക്കയിലെ ജബല്‍ ഒമറില്‍ മസ്ജിദ് അല്‍ ഹറാമിന് സമീപം ലുലു സ്റ്റോര്‍ തുറന്നിരുന്നു.