കൊല്ലം: ട്രെയിന്‍ ഓടിക്കുന്ന ലോക്കോ പൈലറ്റുമാര്‍ ജോലിക്കെത്തും മുന്‍പോ ജോലിസമയത്തോ കരിക്കിന്‍വെള്ളവും ഹോമിയോ മരുന്നുകളും കഴിക്കരുതെന്ന് റെയില്‍വേ. (railway-loco-pilot-restrictions) ചിലതരം വാഴപ്പഴങ്ങള്‍, ചുമ മരുന്നുകളില്‍പ്പെട്ട സിറപ്പുകള്‍, ലഘുപാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്ന് തിരുവനന്തപുരം ഡിവിഷന് റെയില്‍വേ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
|
വിചിത്ര നിര്‍ദേശം കണ്ട് അമ്പരന്നിരിക്കുകയാണ് ലോക്കോ പൈല്റ്റുമാര്‍. ജോലിക്കു കയറുന്നതിനും ഇറങ്ങുന്നതിനുമായി ക്രൂ ലോബിയിലെ സി.എം.എസ്.കിയോസ്കില്‍ മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താറുണ്ട്. ഈ പരിശോധനയില്‍ ബ്രെത്തലൈസര്‍ പുറന്തള്ളുന്ന വായുവില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം വര്‍ധിച്ചുവരുന്നെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇങ്ങനെ കണ്ടവരുടെ രക്തസാമ്പിളുകള്‍ എടുത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയയ്ക്കാറുണ്ട്. ഫലംവന്നപ്പോള്‍ മിക്ക രക്തസാമ്പിളുകളിലും മദ്യത്തിന്റെ അംശമില്ലെന്നു കണ്ടെത്തിയിരുന്നു.
ബ്രെത്തലൈസറിന് തകരാര്‍ വന്നതാകാമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉപകരണം മാറ്റുന്നതിനു പകരം ലോക്കോ പൈലറ്റുമാര്‍ ഭക്ഷണം നിയന്ത്രിക്കട്ടെയെന്നാണ് വിചിത്രമായ നിര്‍ദേശം.
ലിസ്റ്റില്‍പ്പെട്ട ഏതെങ്കിലും ഇനങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, സൈന്‍ ഓണ്‍, സൈന്‍ ഓഫ് നടത്തുന്നതിനുമുന്‍പ് ജോലിയിലുള്ള ഡിപ്പോയിലെ ക്രൂ കണ്‍ട്രോളറെ (സി.ആര്.സി.) രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകളും റെയില്‍വേ മെഡിക്കല്‍ ഓഫീസറുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ ഉപയോഗിക്കാവൂവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. റെയില്‍വേയുടെ നടപടിയില്‍ ലോക്കോ പൈലറ്റുമാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
യുക്തിരഹിത നിര്‍ദേശമാണിതെന്നും ബ്രെത്തലൈസര്‍ മാറ്റുന്നതിനു പകരം ജീവനക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും ഓള് ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗം പി.എന്‍.സോമന് പറഞ്ഞു. തെറ്റായ കാരണത്താല്‍ സര്‍വീസ് റെക്കോഡിലും ഇത് എഴുതപ്പെടുന്നു. അതിനാല്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO WATCH


