|
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ നാണം കെടുത്തി റയൽ മാഡ്രിഡ്. ഇന്നലെ സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് റയൽ വിജയിച്ചത്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ഹാട്രിക്കുമായി കളം നിറഞ്ഞ പോരിൽ ഏകപക്ഷീയമായി രുന്നു റയലിന്റെ ജയം. നിക്കോ ഗോൺസാലസാണ് സിറ്റിക്കായി ആശ്വാസ ഗോൾ നേടിയത് . പ്ലേ ഓഫ് ഇരുപാദങ്ങളിലുമായി 6-3 ന്റെ വ്യക്തമായ ലീഡോടെയാണ് റയൽ പ്രീക്വാർട്ടർ കടന്നത്.
നാലാം മിനിറ്റിൽ തന്നെ വലകുലുക്കി എംബാപ്പെ ബെർണബ്യൂ ഗാലറിയിലേ റയൽ ഫാൻസിനെ ആവേശക്കൊടുമുടിയേറ്റി. പിൻനിരയിൽ നിന്ന് റൗൾ അസെൻസിയോ നീട്ടി നൽകിയ പന്തുമായി ഗോൾമുഖത്തേക്ക് കുതിച്ച എംബാപ്പെ എഡേഴ്‌സന്റെ തലക്ക് മുകളിലൂടെ വലയിലേക്ക് കോരിയിട്ടു. 33ാം മിനിറ്റിൽ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്നാണ് എംബാപ്പെ രണ്ടാം ഗോൾ കണ്ടെത്തിയത്. 61ാം മിനിറ്റിൽ വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച് പെനാൽട്ടി ബോക്‌സിലേക്ക് കടന്ന എംബാപ്പെയുടെ ഇടങ്കാലൻ ബുള്ളറ്റ് ഷോട്ട് വലതുളച്ചതോടെ ഹാട്രിക്ക് തികച്ചു. 92ാം മിനിറ്റിലാണ് സിറ്റിക്കായി നിക്കോ ഗോൺസാലസിന്റെ ആശ്വാസ ഗോളെത്തിയത്.
കളിയിൽ പന്തടക്കത്തിൽ സിറ്റിയായിരുന്നു ഒരു പടി മുന്നിലെങ്കിലും മുന്നേറ്റങ്ങളിൽ റയലിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡോ ബയര്‍ ലെവര്‍കൂസനോ ആവും പ്രീ ക്വാര്‍ട്ടറില്‍ റയലിന്‍റെ എതിരാളികള്‍.
മറ്റു മത്സരങ്ങളിൽ പി.എസ്.ജി ബ്രെസ്റ്റിനെ ഗോൾമഴയിൽ മുക്കി. എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു പി.എസ്.ജിയുടെ ജയം. മറ്റൊരു ആവേശപ്പോരിൽ യുവന്റസിനെ 3-1 ന് തകർത്ത പി.എസ്.വി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. 4-3 അഗ്രിഗേറ്റിലാണ് പി.എസ്.വിയുടെ പ്രീക്വാർട്ടർ പ്രവേശം. ബൊറൂഷ്യ- സ്‌പോർട്ടിങ് മത്സരം സമനിലയിൽ കലാശിച്ചതോടെ ആദ്യ പാദത്തിലെ ലീഡിൽ ബൊറൂഷ്യ പ്രീ ക്വാര്‍ട്ടറില്‍ എത്തി.


