കോട്ടയം: മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് റിമാൻഡിലായ പിസി ജോർജ് ആശുപത്രിയിലേക്ക് പോയത് ഒരു മിനിറ്റ് പോലും ജയിലിൽ കിടക്കാതെ. റിമാൻഡ് ചെയ്തു തൊട്ടുപിന്നാലെ ശാരീരിക അവശതകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ജോർജ് 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ജോർജിന്‍റെ ആരോഗ്യ നില തൃപ്തികരമാണ് എന്നു ഡോക്ടർമാർ അറിയിച്ചു.
|
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഇതു കോടതി തള്ളുകയും റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെ നെഞ്ചുവേദനയുണ്ടെന്ന് പി സി ജോര്‍ജ് പരാതിപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിന് പോലീസ് കസ്റ്റഡിയില്‍ വിട്ടപ്പോഴായിരുന്നു ഇത്.
പാലാ സബ് ജയിലിലേക്ക് പി സി ജോര്‍ജിനെ മാറ്റാനിരിക്കെയാണ് നെഞ്ചുവേദനയുണ്ടെന്ന് പറയുന്നതും തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പി സി ജോര്‍ജിന് കാര്‍ഡിയാക് ഡോക്ടറുടെ പരിചരണം വേണമെന്ന് ഇവിടുത്തെ ഡോക്ടര്‍ റിപോര്‍ട്ട് നല്‍കുകയായിരുന്നു. ഈ റിപോര്‍ട്ട് പരിഗണിച്ചാണ് പാലാ കോടതി പി സി ജോര്‍ജിനെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇവിടെ നടത്തുന്ന പരിശോധനയുടെ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കാവും തുടര്‍നടപടികള്‍.
രണ്ടു ദിവസത്തിനുള്ളിൽ പിസി ജോർജ് ജാമ്യ അപേക്ഷ നൽകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.





