തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ഗ്രാമപഞ്ചായത്ത് പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് ജയം. (SDPI captures UDF sitting seat in Pangod Panchayat of Thiruvananthapuram) 226 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ച മുജീബ് പുലിപ്പാറയ്ക്ക് 674 വോട്ടുകള്‍ ലഭിച്ചു.
|
ആകെ പോള്‍ ചെയ്ത 1309 വോട്ടുകളില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് 448 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 148 വോട്ടും ബിജെപിക്ക് 39 വോട്ടും ലഭിച്ചു. പുലിപ്പാറ വാര്‍ഡിലെ UDF അംഗമായ അബ്ദുല്‍ കരീമിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
അബ്ദുല്‍കരീമിന്റെ മകള്‍ സബീനാ കരീമിനെയാണ് യു.ഡി.എഫ്. മത്സരരംഗത്തിറക്കിയത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആശാവര്‍ക്കറായ ടി.സീമയാണ്. അജയ കുമാര്‍ ആണ് ബി.ജെ.പി.ക്ക് വേണ്ടി കളത്തിലിറങ്ങിയത്.
ആകെ 19 വാര്‍ഡുകളുള്ള പാങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ ഭരണം യു.ഡി.എഫിനാണ്. എല്‍.ഡി.എഫ്. എട്ട്, യു.ഡി.എഫ്. ഏഴ്, വെല്‍ഫെയര്‍പാര്‍ട്ടി രണ്ട്, എസ്.ഡി.പി.ഐ. രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഇതില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഹായത്തോടെയാണ് യു.ഡി.എഫ്. പഞ്ചായത്ത് ഭരിച്ചിരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചിരുന്നു.
മുജീബിന്റെ വിജയത്തോടെ യുഡിഎഫ് അംഗങ്ങളുടെ എണ്ണം ആറായി ചുരുങ്ങും. എസ്ഡിപിഐയുടെ അംഗബലം രണ്ടില്‍ നിന്ന് മൂന്നായി ഉയരും.
പഞ്ചായത്ത് ഭരണത്തിന്റെ തുടക്കത്തില്‍ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന് പഞ്ചായത്ത് പ്രസിഡന്റ്പദവി ലഭിച്ചിരുന്നു. എന്നാല്‍, എസ്ഡിപിഐ പിന്തുണ വിവാദമായതോടെ സിപിഎമ്മിലെ ദിലീപ് പ്രസിഡന്റ് പദവി രാജിവച്ചു. തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയായിരുന്നു.


