21
Mar 2025
Mon
21 Mar 2025 Mon
Tournament organizers exclude Pakistan representative from stage where India will be awarded the title

ദുബായ്: ഇന്ത്യയ്ക്കും പാകിസ്താനും ഇടയ്ക്കുള്ള രാഷ്ട്രീയം ക്രിക്കറ്റിലേക്കും വലിച്ചിഴയ്ക്കുകയാണെന്ന ആക്ഷേപം ശരിവച്ച്, ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക് സമ്മാനിക്കുന്ന വേദിയില്‍നിന്ന് ടൂര്‍ണമെന്റ് സംഘാടകരായ പാകിസ്ഥാന്‍ പ്രതിനിധിയെ ഒഴിവാക്കി. വേദിയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ അധികാരികളില്‍ ഒരാള്‍ പോലും ഇല്ലാഞ്ഞത് വിവാദത്തിനു വഴി തുറന്നു. ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി വേദി അനുവദിച്ചു കിട്ടിയത് പാകിസ്ഥാനായിരുന്നു. 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐസിസി പോരാട്ടത്തിനു പാകിസ്ഥാന്‍ വേദിയായത്. എന്നാല്‍, സംഘാടക ചുമതലയുള്ള പാകിസ്താനെ സുപ്രധാന വേദിയില്‍നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആതിഥേയരെന്ന നിലയില്‍ പിസിബിയിലെ ഔദ്യോഗിക പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കണമെന്നു നിര്‍ബന്ധമുണ്ട്. ആശയക്കുഴപ്പമാണ് പാക് പ്രതിനിധി വേദിയിലെത്താത്തിനു കാരണമായി അധികൃതര്‍ വിശദീകരിക്കുന്നത്. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാത്തതിനാലും ഇന്ത്യ ഫൈനലിലെത്തിയതിനാലും മത്സരം ദുബായിലാണ് അരങ്ങേറിയത്. ഇതോടെയാണ് പാക് അധികൃതരുടെ അസാന്നിധ്യം ചര്‍ച്ചയായത്.

പിസിബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസല്‍ സുമൈര്‍ അഹമദ് ഫൈനല്‍ ദിവസം ദുബായില്‍ വന്നിരുന്നുവെന്നും എന്നാല്‍ കിരീടം സമ്മാനിക്കുന്ന ചടങ്ങിലേക്ക് അദ്ദേഹത്തിനു ക്ഷണമുണ്ടായിരുന്നില്ലെന്നും പാക് വൃത്തങ്ങള്‍ പറഞ്ഞു. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത്ഷായുടെ മകന്‍ ജയ് ഷാ ആണ് ഐസിസി ചെയര്‍മാന്‍. അദ്ദേഹത്തെ കൂടാതെ ബിസിസിഐ പ്രസിഡന്റ് റോഡര്‍ ബിന്നി, ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവരാണ് താരങ്ങള്‍ക്ക് മെഡലുകളും ജാക്കറ്റുമൊക്കെ സമ്മാനിച്ചത്.

അതേസമയം, പാകിസ്ഥാന്‍ അധികൃതരുടെ അസാന്നിധ്യം ചോദ്യം ചെയ്തു മുന്‍ പാക് പേസര്‍ ഷൊയ്ബ് അക്തര്‍ രംഗത്തെത്തി. ഇന്ത്യ ചാംപ്യന്‍സ് ട്രോഫി കിരീടം ഉയര്‍ത്തുന്നതല്ല ആ സമയം ശ്രദ്ധിച്ചത്. കിരീടം സമ്മാനിക്കുന്ന വേദിയില്‍ ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ പ്രതിനിധി പോലും ഇല്ലായിരുന്നു എന്നതാണ് തന്റെ ശ്രദ്ധയില്‍ വന്നതെന്നാണ് അക്തര്‍ പ്രതികരിച്ചത്.

അതേസമയം, ഫൈനലില്‍ ന്യുസലന്റിനെ തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്. ഏഴ് ഫോറുകളും മൂന്ന് സിക്‌സറുകളും അടക്കം വിലപ്പെട്ട 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് ചക്കാന്‍ പിടിച്ചത്. 41 പന്തില്‍ നിന്നാണ് അദ്ദേഹം അര്‍ദ്ധസെഞ്ച്വറി നേടിയത്. ശ്രേയസ് അയ്യര്‍ (62 പന്തില്‍ 48), അക്‌സര്‍ പട്ടേല്‍ (40 പന്തില്‍ 29) എന്നിവര്‍ നാലാം വിക്കറ്റില്‍ നിര്‍ണായകമായ 61 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ക്ക് നിശ്ചിത ഓവറായപ്പോഴേക്കും ടാര്‍ഗറ്റ് എത്തിപ്പെടാന്‍ കഴിഞ്ഞില്ല.

ഇതോടെ ഐസിസിയുടെ നാല് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റനെന്ന ബഹുമതി രോഹിത് സ്വന്തമാക്കി. അതില്‍ രണ്ട് കിരീട നേട്ടങ്ങളും നേടുകയുംചെയ്തു. ഐസിസി ടി20 ലോകകപ്പ് നേടി വെറും 9 മാസത്തിനുള്ളില്‍ രണ്ടാം കിരീട നേട്ടമെന്ന അപൂര്‍വ ബഹുമതിയും ഇനി ഹിറ്റ്മാന് സ്വന്തം.

Tournament organizers exclude Pakistan representative from stage where India will be awarded the title