24
Mar 2025
Thu
24 Mar 2025 Thu
Shaba sherif and Shebin Ashraf

മലപ്പുറം: മൈസൂര്‍ സ്വദേശിയായ പാരമ്പര്യവൈദ്യന്‍ ഷാബ ഷെരീഫിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കോടതി വിധി പറയും. (Shaba Sharif murder case: Verdict today )  മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരുന്നിനെക്കുറിച്ചുള്ള രഹസ്യം ചോര്‍ത്താന്‍ ഷാബ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താനാവാത്തതിനാല്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ നിര്‍ണായകമാകും.

2019 ആഗസ്ത് ഒന്നിനാണ് ഷാബാ ഷെരീഫിനെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്തുകയായിരുന്നു ലക്ഷ്യം.

ALSO READ: പോലീസ് സ്റ്റേഷനില്‍ ഒപ്പുവച്ചു മടങ്ങവെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച ഭാര്യക്ക് ഗുരുതര പരിക്ക്

എന്നാല്‍, തന്റെ അറിവ് പങ്കുവയ്ക്കാന്‍ തയ്യാറാകാത്തതിനാല്‍ ഒരു വര്‍ഷത്തിലധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ തടവിലിട്ട് ഷാബാ ഷരീഫിനെ പീഡിപ്പിച്ചു. മര്‍ദനത്തെ തുടര്‍ന്ന് 2020 ഒക്ടോബര്‍ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലവും അടഞ്ഞു.

എന്നാല്‍, ഷബാ ഷരീഫിന്റെ തലമുടിയുടെ ഡിഎന്‍എ പരിശോധന ഫലം കേസില്‍ നിര്‍ണായകമായി. ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിനെ സാക്ഷി മൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി.

സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനെതിരെ നിരവധി കൊലപാതക പരാതികളാണ് ഉയര്‍ന്നത്. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന മുക്കം സ്വദേശി ഹാരിസിന്റെ ആത്മഹത്യ കൊലപാതകമാണെന്നും ഷൈബിന്‍ അഷ്‌റഫ് കൊലപ്പെടുത്തിയതാകാമെന്നും ആരോപിച്ച് ഹാരിസിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

വയനാട് ബത്തേരി സ്വദേശിയുടെ മരണത്തിലും ഷൈബിന്റെ ബിസിനസ് പങ്കാളി ദുബായില്‍ ആത്മഹത്യ ചെയ്തതിലും ദുരൂഹതയേറുന്നുണ്ട്. റിട്ടയേര്‍ഡ് എസ്‌ഐ അടക്കമുള്ളവരുടെ സഹായവും ഇയാള്‍ക്കു ലഭിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വയനാട് സ്വദേശിയായ റിട്ടയേര്‍ഡ് എസ്‌ഐയും ഒളിവിലാണ്.

നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി വീട്ടില്‍ ഷൈബിന്‍ അഷ്‌റഫ് (37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (39), നിലമ്പൂര്‍ പൂളക്കുളങ്ങര വീട്ടില്‍ ഷബീബ് റഹ്‌മാന്‍ (33), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് (31), വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് കൂത്രാടന്‍ മുഹമ്മദ് അജ്മല്‍ (33), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുതൊടിക നിഷാദ് (32), നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി വീട്ടില്‍ സുനില്‍ (43), റിട്ട.എസ്.ഐ വയനാട് സുല്‍ത്താന്‍ ബത്തേരി കൊളേരി ശിവഗംഗ വീട്ടില്‍ എസ്. സുന്ദരന്‍ (63), വണ്ടൂര്‍ മുത്തശ്ശിക്കുന്ന് കാപ്പില്‍ വീട്ടില്‍ കെ. മിഥുന്‍ (30), വണ്ടൂര്‍ പുളിക്കാട്ടുപടി പാലപ്പറമ്പില്‍ കൃഷ്ണപ്രസാദ് (29), ഒന്നാം പ്രതി ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്‌ന (31), ചന്തുക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് വീട്ടില്‍ അബ്ദുല്‍ വാഹിദ് (29) എന്നിവരാണ് കേസിലെ പ്രതികള്‍.

ഒന്ന് മുതല്‍ ആറ് വരെയും ഒമ്പതാം പ്രതിയുമാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. 14, 15 പ്രതികളായ നിലമ്പൂര്‍ ഇയ്യംമടയിലെ കൈപ്പഞ്ചേരി ഫാസില്‍, നിലമ്പൂര്‍ മുക്കട്ട പഴയ പോസ്റ്റ് ഓഫിസിന് സമീപത്തെ ഷമീം എന്ന പൊരി ഷമീമിനെയും പൊലീസിന് പിടികൂടാനായില്ല. 14ാം പ്രതിയായ ഫാസില്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വര്‍ഷം മരിച്ചു. ഇവരൊഴികെ 13 പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്.