30
Mar 2025
Mon
30 Mar 2025 Mon

മുംബൈ: സീനിയർ തലത്തിൽ കേരളത്തിനായി ഒരു മത്സരം പോലും കളിച്ചു പരിചയം ഇല്ലാഞ്ഞിട്ടും ഒരു താരത്തെ മുംബൈ ഇന്ത്യൻസ് പോലുള്ള ഒരു മുൻനിര ടീം സ്വന്തമാക്കുക എന്ന് പറഞ്ഞാല് ആ താരത്തിന് ഒരു റേഞ്ച് ഉണ്ടാകണം. അതെ വിഘ്നേഷ് പുത്തൂർ എന്ന മലപ്പുറത്തുകാരൻ തൻ്റെ റേഞ്ച് ഇന്നലെ കാണിച്ചുകൊടുത്തു. അതും സാക്ഷാൽ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ. അതും അരങ്ങേറ്റ മത്സരത്തിൽ നിർണായക മൂന്ന് വിക്കറ്റ് വീഴ്ത്തി. കളിക്കിടെ ധോണി മുന്നോട്ട് വന്നു വിഗ്നീഷിനെ അഭിനന്ദിക്കുന്നുണ്ട്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തതോടെ, ഇൻ്റർനെറ്റ് വിഘനേഷിനെ തിരയാൻ തുടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു മുംബൈ വിഘ്നേഷിനെ മുബൈ ടീമിലെടുക്കാൻ കാരണം, കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിനായി താരം നടത്തിയ മികച്ച പ്രകടനമാണ്. ഇന്നലത്തെ പ്രകടനത്തോടെ ഇന്ത്യൻസ് സ്കൗട്ടിംഗ് ടീം കണ്ടെത്തിയ യുവ പ്രതിഭകളുടെ പട്ടികയിയിലേക്ക് ആണ് ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവരക്കൊപ്പം വിഘ്നേഷ് പുത്തൂരും ഇടംപിടിച്ചത്.

 

ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈയുടെ ആദ്യ മത്സരത്തിൽ 24 കാരനായ ഈ റിസ്റ്റ് സ്പിന്നർ ശ്രദ്ധ പിടിച്ചുപറ്റി. ആദ്യ മൂന്ന് ഓവറുകളിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ ടോപ് ഓർഡർ ബാറ്റ്സ്മാന്മാരെ പുറത്താക്കി വിഘ്നേഷ് തകർപ്പൻ പ്രകടനം കാഴ്ചവച്ചു. മത്സരം ചെന്നൈ ജയിച്ചെങ്കിലും കളിയിൽ താരമായത് വിഘ്നേഷ് ആണ്.

 

രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ താരം ആണ് വിഘ്നേഷ് പുത്തൂർ. ബോൾ ചെയ്ത ആദ്യ ഓവറിൽ വീണത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്. രണ്ടാം ഓവറിൽ ശിവം ദുബെയും പിന്നാലെ ദീപക് ഹൂഡയും വിഘ്നേഷിന്റെ ഇടംകൈ ലെഗ്സ്പിന്നിനു മുന്നിൽ കീഴടങ്ങി പവലിയനിലേക്ക് മടങ്ങി. കളി കഴിയുമ്പോൾ വിഘനേഷിൻ്റെ ബൗളിംഗ് ഇങ്ങനെ: 4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ്. ആദ്യ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു വിഘ്നേഷ്. അവസാന ഓവറിൽ രചിൻ രവീന്ദ്ര രണ്ടു സിക്സുകൾ ഉൾപ്പെടെ 15 റൺസ് അടിച്ചതോടെയാണ് നാല് ഓവറിൽ 32 റൺസ് ആയത്.

 

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് മീഡിയം പേസറായാണ് ക്രിക്കറ്റിലെത്തിയത്. പ്രാദേശിക പരിശീലകനായ മുഹമ്മദ് ഷെരീഫാണ് വിഘ്നേഷിനെ ചൈനാമാൻ പന്തുകളെറിയാൻ പ്രേരിപ്പിച്ചത്. തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥിയായ വിഘ്നേഷ് കേരള കോളജ് പ്രിമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനം വഴിയാണു കെസിഎലിലെത്തിയത്.

 

Who is Vignesh Puthur