അതിര്‍ത്തി പ്രദേശത്തുള്ള ഇസ്രായേലി സൈനിക ക്യാമ്പിലേക്ക് ഈജിപ്ഷ്യന്‍ കാട്ടുപൂച്ച നുഴഞ്ഞു കയറി. (Egyptian Lynx attacks Israeli soldiers) ലിങ്സ് എന്ന പേരില്‍ എന്നറിയപ്പെടുന്ന പുലിയോട് സാമ്യമുള്ള ഈ മൃഗം നിരവധി സൈനികരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇസ്രായേലി സൈന്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം.
|
ലിങ്സ് സൈനികരെ ആക്രമിച്ചതിന്റെ നിരവധി റിപോര്‍ട്ടുകളാണ് വരുന്നതെന്ന് പ്രാദേശിക പത്രമായ യദിയോത്ത് അഹ്രോനോത്ത് റിപോര്‍ട്ട് ചെയ്തു. ഹാരിഫ് പര്വ്വതത്തിന് സമീപമുള്ള ക്യാമ്പിലാണ് സംഭവം നടന്നത്.
സംഭവം കാട്ടുതീപോലെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഫലസ്തീനില്‍ ഉള്‍പ്പെടെ സജീവ ചര്‍ച്ചയാണിപ്പോള്‍ ലിങ്സ്. സൈനികര്‍ക്ക് അവര്‍ അര്‍ഹിച്ചതാണ് കിട്ടിയതെന്ന് പലരും അഭിപ്രായപ്പെട്ടു. സെമിറ്റിക വിരുദ്ധനാണ് ഈ പൂച്ചയെന്ന് ചിലര്‍ കളിയാക്കി.
ലിങ്സ് ഈജിപ്തില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയതാണെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, ഇതിനുള്ള തെളിവൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ല.
പിന്നീട് ഇസ്രായേല്‍ വന്യജീവി അധികൃതരെത്തി മൃഗത്തെ പിടികൂടി. പരിശോധനക്കായി പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
60 മുതല്‍ 90 സെന്റീമീറ്റര്‍ വരെ നീളമുള്ള മൃഗമാണ് ലിങ്സ്. 8 മുതല്‍ 20 കിലോവരെ ഭാരവും അര മീറ്റര്‍ വരെ ഉയരവുമുണ്ടാവും. നീളമുള്ള പല്ലുകളും കൂര്‍ത്ത നഖങ്ങളുമുള്ള ലിങ്സ് സാധാരണായായി എലികള്‍, കാട്ടുമുയല്‍, പക്ഷികള്‍ എന്നിവയെയാണ് ഇരയാക്കാറുള്ളത്.
ചില സമയങ്ങള്‍ വലിയ മൃഗങ്ങളായ മാനുകള്‍, കുരങ്ങുകള്‍, ആടുകള്‍ എന്നിവയെയും ആക്രമിക്കാറുണ്ട്. എന്നാല്‍, മനുഷ്യരെ ആക്രമിക്കുന്നത് അപൂര്‍വ്വമാണ്.


