23
Mar 2025
Tue
23 Mar 2025 Tue
Kuwait raffle draw scam

വിവിധ കമ്പനികളും സ്ഥാപനങ്ങളും നടത്തുന്ന റാഫിള്‍ ഡ്രോയില്‍ തിരിമറി നടത്തി സ്വന്തക്കാര്‍ക്ക് നറുക്ക് ലഭ്യമാക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. (Kuwait raffle draw scam revealed ) 2023 മുതല്‍ വിവിധ റാഫിളുകളിലായി 7 വാഹനങ്ങള്‍ സ്വന്തമാക്കി റാഫിള്‍ ഡ്രോ അഴിമതി ശൃംഖലയാണ് അധികൃതര്‍ തകര്‍ത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവലിന്റെ റാഫിള്‍ ഡ്രോയില്‍ തിരിമറി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് നറുക്കെടുപ്പില്‍ സമ്മാനങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചു.

ഒരു ഈജിപ്ഷ്യന്‍ വനിതയും ഭര്‍ത്താവുമാണ് കേസില്‍ അറസ്റ്റിലായത്. അല്‍-നജാത്ത് ചാരിറ്റി കമ്മിറ്റിയിലെ ജീവനക്കാരിയായ ഫാത്തിമ ഗമാല്‍ സാദ് ദിയാബ്, ഭര്‍ത്താവ് ബാബ് അല്‍-കുവൈത്ത് പ്രസ് കമ്പനിയിലെ ജീവനക്കാരനായ മുഹമ്മദ് അബ്ദുള്‍ സലാം മുഹമ്മദ് അല്‍-ഗരാബ്ലി എന്നിവരാണ് ഏഴ് കാറുകള്‍ സ്വന്തമാക്കിയത്.

ALSO READ: കുവൈത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നിരവധി പ്രവാസികളെ കൊള്ളയടിച്ച സ്വദേശി കുടുങ്ങി

ഫാത്തിമയുടെ പേരില്‍ അഞ്ച് കാറുകളും മുഹമ്മദ് അബ്ദുല്‍ സലാമിന്റെ പേരില്‍ രണ്ട് കാറുകളുമാണ് നറുക്കെടുപ്പിലൂടെ ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്ത വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ റാഫിള്‍ വകുപ്പ് മേധാവി അഹമ്മദ് മുഹമ്മദ് അല്‍ ഹമദിനെയും കസ്റ്റഡിയിലെടുത്തു. വന്‍തുക വാങ്ങിയാണ് ഇയാള്‍ പ്രതികള്‍ക്ക് ആവശ്യമായ സഹായം നല്‍കിയത്.

2023ല്‍ ആണ് തട്ടിപ്പിന് തുടക്കമിട്ടത്. കേസില്‍ ഇന്ത്യക്കാര്‍, ഏഷ്യക്കാര്‍, ഈജിപ്തുകാര്‍, തദ്ദേശീയ പൗരന്മാര്‍ അടക്കം കൂടുതല്‍ വ്യക്തികള്‍ വലയിലാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ഭര്‍ത്താവ് വഴിയാണ് താന്‍ തട്ടിപ്പിന്റെ ഭാഗമായതെന്ന് ഫാത്തിമ പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവിന്റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു ഈജിപ്ത് പൗരനായ മുഹമ്മദ് സുബ്ഹി അല്‍ സയ്യിദ് എന്നയാളും കൂട്ടിനുണ്ടായിരുന്നു. ഡൊമിനിക്കന്‍ പൗരനായ സാലിഹ് മാജിദ് ഫാരിസ് ഖാമിസ് ആണ് തട്ടിപ്പ് പദ്ധതിയുടെ സൂത്രധാരന്‍. ഇയാള്‍ റാഫിള്‍ വകുപ്പ് മേധാവിയുടെ സഹായത്തോടെ സമ്മാനങ്ങള്‍ പ്രതികളുടെ പേരില്‍ ലഭ്യമാക്കുകയായിരുന്നു. സമ്മാനം ലഭിച്ച് കഴിഞ്ഞാല്‍ 200 മുതല്‍ 600 കുവൈത്തി ദീനാര്‍ സാലിഹിന് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഈ പണം റാഫിള്‍ മേധാവിയുമായി സാലിഹ് പങ്കിട്ടെടുക്കും.

ഇതുവരെ ഏഴ് കാറുകള്‍ നല്‍കിയിട്ടുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, കുവൈത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ദ്രോഹിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കുപ്പായ കൈക്കുള്ളില്‍ ഒളിപ്പിച്ച കൂപ്പണ്‍
RAFFLE IN THE SLEEVE KUWAIT

നറുക്കെടുപ്പിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കൈക്കുള്ളില്‍ ഒളിപ്പിച്ച് പ്രതികളുടെ പേരിലുള്ള റാഫിള്‍ കൂപ്പണ്‍ കൊണ്ട് വരികയായിരുന്നു. കൂപ്പണുകള്‍ ഇളക്കി മറിക്കുമ്പോള്‍ തന്റെ ഷര്‍ട്ടിന്റെ കൈക്കുള്ളിലേക്ക് കൂപ്പണുകള്‍ പോയാല്‍ താന്‍ ഉത്തരവാദിയല്ലെന്ന് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് സംശയത്തിനിടയാക്കി.

സംഭവം സൂക്ഷ്മമായി നിരീക്ഷിക്കുകയും വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്ത ചിലരാണ് ഷര്‍ട്ടിന്റെ കൈയില്‍ നേരത്തേ ഒളിപ്പിച്ച് കൊണ്ട് വന്ന കൂപ്പണാണ് നറുക്കെടുക്കുന്നു എന്ന വ്യാജേന ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതെന്ന് കണ്ടെത്തിയത്. ഈ വീഡിയോ വൈറലായതോടെയാണ് അധികൃതര്‍ ഇടപെട്ടത്.