22
Mar 2025
Thu
22 Mar 2025 Thu
man arrested for raping woman

കുവൈത്തില്‍ സുരക്ഷാ ജീവനക്കാരനെന്ന വ്യാജേന നാലിടങ്ങളില്‍ പിടിച്ചുപറി നടത്തിയ സ്വദേശി അറസ്റ്റില്‍. (Kuwaiti national who robbed several expatriates disguised as security officer caught) കുവൈത്ത് പോലീസ് നടത്തിയ തിരിച്ചിലിലാണ് 33 വയസ്സുകാരന്‍ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ ക്രിമിനല്‍ സുരക്ഷാ വിഭാഗം അന്വേഷിക്കുകയായിരുന്ന നാല് ക്രിമിനല്‍ കേസുകള്‍ക്ക് പരിഹാരമായി. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇയാളുടെ പങ്കാളിത്തം തെളിയിക്കുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാജ ഐഡി ഉള്‍പ്പെടെ വ്യക്തമായ തെളിവുകള്‍ ഇയാള്‍ക്കെതിരേ പോലീസിന് ലഭിച്ചിട്ടുണ്ട്. ഹവല്ലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട ഒരു വ്യക്തി പരിശോധനയ്ക്കായി തന്നെ തടഞ്ഞുവച്ച് കൊള്ളയടിച്ചതായി കാണിച്ച് ഒരു പ്രവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍ വരുന്നത്.

പ്രവാസിയെ തടഞ്ഞു നിര്‍ത്തി വ്യാജ ഐഡി കാണിച്ച ശേഷം ഇയാള്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയായിരുന്നു. മൈ മൊബൈല്‍ ഐഡന്റിറ്റി ആപ്പ് വഴി തന്റെ ഐഡി കാര്‍ഡ് കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ പ്രതി, പ്രവാസിയുടെ പഴ്സ് കൈക്കലാക്കി അതിലെ തുകയും തട്ടിയെടുക്കുകയായിരുന്നു.

ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച പ്രവാസിയെ ആക്രമിച്ചാണ് പ്രതി രക്ഷപ്പെട്ടതെന്നും പോലിസ് പറഞ്ഞു. പരാതി ലഭിച്ചതിനു പുന്നാലെ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിരുന്നു.

പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനം പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ പോലീസ്, ഏറ്റുമുട്ടലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് ക്രിമിനല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസറുടെ വ്യാജ ഐഡി കാര്‍ഡ് പോലീസ് പിടിച്ചെടുത്തു.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സമാനമായ മറ്റു മൂന്നു കേസികളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് പിടിച്ചുപറി നടത്തിയതെന്നും മോഷ്ടിച്ച പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചതായും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

ഹവല്ലി, ഖൈതാന്‍, ഫര്‍വാനിയ എന്നിവിടങ്ങളിലാണ് ഇയാള്‍ മറ്റു മൂന്നുപേരെ സമാനമായ രീതിയില്‍ കൊള്ളയടിച്ചത്. കൂടുതല്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് കണ്ടെത്തി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.