റിയാദ്: റമദാന്‍ 27ആം രാവില്‍ ലൈലതുല്‍ ഖദ്‌റിന്റെ പുണ്യം തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകള്‍ മക്കയിലെയും മദീനയിലെയും മസ്ജിദുകളിലേക്കൊഴുകി. (New record: 4.2 million people gathered at the Haram to seek the virtue of Laylatul Qadr) തറാവീഹിലും തഹജ്ജുദ് പ്രാര്‍ത്ഥനയിലും മുഴുകിയ അവര്‍ പ്രപഞ്ചനാഥന് മുന്നില്‍ പാപങ്ങളേറ്റു പറഞ്ഞ് വിങ്ങിപ്പൊട്ടി.
|
മക്കയിലെ വിശുദ്ധ ഹറമില്‍ ഇത്തവണ എത്തിയ വിശ്വാസികളുടെ എണ്ണം പുതിയ റെക്കോഡിട്ടു. ഉംറ തീര്‍ത്ഥാടകരും അല്ലാത്തവരുമായി ബുധനാഴ്ച്ച രാത്രി മാത്രം 42 ലക്ഷം പേര്‍ മസ്ജിദുല്‍ ഹറമില്‍ ഒത്തുചേര്‍ന്നതായി പ്രദേശിക പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം 25 ലക്ഷം പേരാണ് ഇവിടെയെത്തിയത്.
വിശ്വാസികളുടെ അഭൂതപൂര്‍വ്വമായ ഒഴുക്ക് പരിഗണിച്ച് സമീപ പ്രദേശത്തുള്ളവര്‍ ഇന്ന് ജുമുഅ പ്രാര്‍ത്ഥനയ്ക്ക് മറ്റു പള്ളികളെ ആശ്രയിക്കണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
റമദാനിലെ അവസാന പത്തിലാണ് വിശ്വാസികള്‍ ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രിയായ ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്നത്. ഇതില്‍ തന്നെ റദമാന്‍ 27ആം രാവിലാണ് അത് വരുന്നതെന്ന് ഭൂരിഭാഗം പേരും കരുതുന്നു.
ഭക്തരുടെ തിരക്ക് പരിഗണിച്ച് ബുധനാഴ്ച്ച മതാഫില്‍ മണിക്കൂറില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് തവാഫ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. 428 എസ്‌കലേറ്ററുകളും 28 എലിവേറ്ററുകളും സജ്ജീകരിച്ചു. ശബ്ദസംവിധാനത്തിന് 1,300 സ്പീക്കറുകളാണ് ഒരുക്കിയത്.


