തിരുവനന്തപുരം: കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ ഗായകന്‍ എംജി ശ്രീകുമാറിന് എട്ടിന്റെ പണി. (MG Sree kumar fined for Kochi backwater pollution) മുളവു കാട് പഞ്ചായത്തില്‍പ്പെട്ട ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നത് വീഡിയോയില്‍ പകര്‍ത്തിയ വിനോദ സഞ്ചാരിയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിച്ചത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിനോദസഞ്ചാരിയുടെ വിഡിയോ വഴി ഗായകന്‍ എം.ജി.ശ്രീകുമാറിന് ലഭിച്ചത് 25,000 രൂപയുടെ പിഴ നോട്ടിസ്.
|
വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നല്‍കിയത്. തുടര്‍ന്നു ഗായകന്‍ കഴിഞ്ഞ ദിവസം പിഴ ഒടുക്കി.
ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനായില്ല.
നാലു ദിവസം മുന്‍പ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള 94467 00800 എന്ന സര്‍ക്കാരിന്റെ വാട്‌സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നല്‍കിയാല്‍ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നല്‍കി.
ഈ നമ്പറിലേക്ക് പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടീസ് നല്‍കുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു.
പിഴ അടച്ചു കഴിയുമ്പോള്‍ ഈ വിവരം തെളിവു സഹിതം നല്‍കിയ ആള്‍ക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


