18
Apr 2025
Tue
18 Apr 2025 Tue

വാഷിങ്ടണ്‍: അമേരിക്ക ചൈന വ്യാപാര യുദ്ധം മുറുകുന്നു. ചൈനയ്‌ക്കെതിരെ 50 ശതമാനം അധിക നികുതികൂടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണിത്. രണ്ട് ദിവസം മുമ്പാണ് യു.എസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്. പകരമായി ചൈനയും നികുതി ഏര്‍പ്പെടുത്തി. ഇതിനിടെയാണ് ട്രംപിന്റെ അധിക നികുതി പ്രഖ്യാപനം. ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് ട്രംപ് ഭീഷണിമുഴക്കി. ഭീഷണി നടപ്പായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നത് 84 ശതമാനം തീരുവയാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്‌ക്കെതിരായ നികുതി പ്രഖ്യാപിച്ചത്. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു എസ് പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യുഎസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ട്രംപിന്റെ തിരിച്ചടി.

ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തൂവെന്നുംമ ട്രംപ് പറഞ്ഞിരുന്നു. പകരച്ചുങ്കമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ തന്നെ നേരിടാന്‍ തയ്യാറാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപാര യുദ്ധം ആര്‍ക്കും നേട്ടം നല്‍കില്ലെന്നും നികുതി ചുമത്തിയാല്‍ യുഎസിനെതിരെ പകരച്ചുങ്കമുണ്ടാകുമെന്നും ചൈനയും വ്യക്തമാക്കിയിരുന്നു. വ്യാപാരയുദ്ധത്തില്‍ വിജയികളില്ലെന്നാണ് ചൈന യു.എസിനെ അറിയിച്ചത്.

ട്രംപിന്റെ താരിഫ് യുദ്ധത്തെത്തുടര്‍ന്ന് യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് വിപണികളിലുണ്ടായത്. ഇന്ത്യയിലെതടക്കം ആഗോള വിപണികളും കൂപ്പുകുത്തി.
ഇതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയും ഇടിവ് നേരിട്ടു.

Trade war with China intensifies; Trump announces additional tariffs on retaliatory tariffs