അമരാവതി: ആന്ധ്രാപ്രദേശിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ മരണം എട്ടായി. ( 8 Killed In Fire Accident At Cracker Factory In Andhra Pradesh) മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ക്ക് പരിക്ക്. അപകടം നടക്കുമ്പോള്‍ 15 പേരായിരുന്നു പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായിരുന്നത്.
|
കോട്ടവുരത്‌ലയിലെ പടക്ക നിര്‍മാണശാലയില്‍ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാരും പൊലീസും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരുമാണ് അപകട സ്ഥലത്ത് നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്.
പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ജില്ലാ കളക്ടര്‍ വിജയ കൃഷ്ണന് നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര വകുപ്പ് മന്ത്രി വങ്കലപുഡി അനിത, എസ് പി എന്നിവരോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചെന്നും ഇരകളുടെ കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചു.





