25
Apr 2025
Sun
25 Apr 2025 Sun
pv anwar and pv abdul wahab

മലപ്പുറം: പിവി അന്‍വറിന് താല്‍പര്യമുള്ളയാളെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി പിവി അബ്ദുള്‍ വഹാബ് എംപി. (PV Abdul Wahab says Anwar has no relevance in Nilambur ) നിലമ്പൂരില്‍ പിവി അന്‍വറിന് പ്രസക്തി ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്‍വര്‍ അല്ല യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടതെന്നും വഹാബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്‍വര്‍ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ്സ് തീരുമാനിക്കുമെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.

ആരുടേയും ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ്സ് വഴങ്ങരുത്. ആര് സ്ഥാനാര്‍ഥി ആയാലും ലീഗ് പിന്തുണക്കും, വിജയിപ്പിക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

ഷൗക്കത്തിനെ വെട്ടാന് ലീഗ്
ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയാവുന്നതില്‍ ലീഗ് നേതൃത്വത്തിന് പൊതുവേ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ അന്‍വറിനെ മുന്നില്‍ നിര്‍ത്തി ഷൗക്കത്തിനെ വെട്ടാനാണ് ലീഗ് നീക്കം. മലപ്പുറം ജില്ലയില്‍ ലീഗിന്റെ കണ്ണിലെ കരടായിരുന്നു ഷൗക്കത്തിന്റെ പിതാവ് ആര്യാടന്‍ മുഹമ്മദ്.

ALSO READ: ഇന്നത്തെ ഈസ്റ്റര്‍ യുഎഇയിലെ ലുലുവിനൊപ്പം; അടിപൊളി ‘അച്ചായന്‍സ് സദ്യ’; നിരക്ക് 34.50 ദിര്‍ഹം മാത്രം

ആര്യാടന്‍ മുഹമ്മദിന് ശേഷം 2016ല്‍ മകന്‍ ഷൗക്കത്ത് നിലമ്പൂരില്‍ മത്സരിച്ചപ്പോള്‍ ഉണ്ടായ പരാജയത്തില്‍ ലീഗിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2021ല്‍ സീറ്റ് നല്‍കാതെ ഷൗക്കത്തിനെ വെട്ടിയതിന് പിന്നിലും ലീഗിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. കാരണം ആര്യാടന്‍ ഷൗക്കത്തിന്റെ വരവ് ലീഗിന് വീണ്ടും വെല്ലുവിളിയാകും എന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് പിവി അന്‍വര്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് പുറത്തു വന്നപ്പോള്‍ മുതല്‍ മുസ്ലിം ലീഗ് വലിയ പിന്തുണ നല്‍കിയത്.

നിലമ്പൂരില്‍ അന്‍വറിനെ വീണ്ടും ഇറക്കാനും ലീഗ് ഒരു ശ്രമം നടത്തിയരുന്നു. ഏറനാട് എംഎല്‍എ പികെ ബഷീര്‍ അന്‍വറുമായി ഈ വിഷയത്തില്‍ ആശയവിനിമയംനടത്തുകയും ചെയ്തു. എന്നാല്‍ സ്വന്തം അക്കൗണ്ടിലുള്ള ഒരു സീറ്റ് കോണ്‍ഗ്രസ് കൈവിടില്ലെന്ന് ഉറപ്പിച്ചതോടെയാണ് ഇതില്‍ നിന്നും പിന്‍മാറിയത്.

ആര്യാടന്റെ മരണ ശേഷം നിലമ്പൂരില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്, പ്രായം എന്നിവയെല്ലാം ആര്യാടന്‍ ഷൗക്കത്തിന് അനുകൂല ഘടകങ്ങളാണ്. എന്നാല്‍ ഇതൊന്നും അംഗീകരിക്കില്ലെന്ന് അന്‍വര്‍ ഉറപ്പിച്ച് പറയുന്നത് ലീഗിന്റെ പിന്തുണ കൊണ്ടു തന്നെയാണ്.

എന്നാല്‍, ലീഗ് നേതൃത്വത്തിന്റെ ഈ നിലപാട് തള്ളിക്കളയുന്നതാണ് പിവി അബ്ദുല്‍ വഹാബിന്റെ പ്രസ്താവന. അന്‍വറിന്റെ കാര്യത്തില്‍ ലീഗ് നേതൃത്വത്തിനിടയില്‍ ഭിന്നതയുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്.