25
May 2025
Mon
25 May 2025 Mon
Karthika Pradeep

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കാര്‍ത്തിക പ്രദീപ് നിരവധി പേരെ കബളിപ്പിച്ചതിന് തെളിവ് പുറത്ത്. തിരുവനന്തപുരം ജില്ലയിലെ 53 പേരില്‍ നിന്നായി 65 ലക്ഷം രൂപ ഇവര്‍ തട്ടിയതായാണു വിവരം. തിരുവനന്തപുരം സ്വദേശി ആഷ്‌ന വഴിയാണ് വിദേശത്ത് കെയര്‍ ഹോമില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥന്‍ പരാതി വലിച്ചെറിഞ്ഞെന്നും ആഷ്‌ന ആരോപിച്ചു.

കാര്‍ത്തിക ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും എഗ്രിമെന്റിന്റെ കോപ്പിയും മാധ്യമങ്ങള്‍ പുറത്തുവിട്ടു. തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ കഴിഞ്ഞ ദിവസമാണ് കാര്‍ത്തികയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: ഭീകരാക്രമണത്തില്‍ നിന്ന് ബിജെപിക്കാരെ രക്ഷിച്ച നസകത്ത് ഷാക്ക് നന്ദി പറഞ്ഞ് ചത്തീസ്ഗഡ് മുഖ്യമന്ത്രി; മുസ്ലിംകളെ കുറ്റപ്പെടുത്തരുത്

യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ കുറഞ്ഞ തുകയാണ് ഇവര്‍ വിസയ്ക്കും മറ്റും ഈടാക്കിയിരുന്നത്. ഈ വാഗ്ദാനത്തില്‍ വീണാണ് നിരവധി പേര്‍ പണം നല്‍കിയത്.

യുകെയില്‍ ഉള്ള മലയാളിയായ ആഷ്‌നയാണ് കാര്‍ത്തിക പ്രദീപിനെതിരേ പരാതി നല്‍കിയത്. ആഷ്‌നയാണ് തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും യുകെയില്‍ എത്തിക്കുന്നതിന് കാര്‍ത്തിക പ്രദീപിന് പണം വാങ്ങി നല്‍കിയത്. ജോലി ലഭിച്ചില്ലെങ്കില്‍ പണം തിരികെ നല്‍കാമെന്ന് 100 രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ എഴുതി നല്‍കുകയും ചെയ്തിരുന്നു.

പണം നല്‍കിയവരെ ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നു. എന്നാല്‍, ഇന്റര്‍വ്യൂ കഴിഞ്ഞ് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതെക്കുറിച്ച് ചോദിക്കാന്‍ വിളിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും പറ്റുമെങ്കില്‍ കോടതി വഴി പണം വാങ്ങിക്കോ എന്ന് പറയുകയും ചെയ്തതായി പരാതിക്കാര്‍ പറയുന്നു.