21
May 2025
Wed
21 May 2025 Wed
So Many People Behind Bars Only Because Person Killed Had Particular Political Philosophy says Supreme Court To NIA While Granting Bail To PFI Leaders

കൊല്ലപ്പെട്ടയാളുടെ പ്രത്യേക രാഷ്ട്രീയ ആശയം ഒന്നു കൊണ്ടുമാത്രമാണ് ഇത്രയധികം ആളുകള്‍ ജയിലില്‍ കഴിയുന്നതെന്ന് പിഎഫ്‌ഐ നേതാക്കള്‍ക്കു ജാമ്യം അനുവദിക്കവെ എന്‍ഐഎയോട് സുപ്രിംകോടതി. പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഎഫ്‌ഐ നേതാക്കളായ യഹ് യ കോയ തങ്ങള്‍, സി എ അബ്ദുല്‍ റഊഫ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അഭയ് ഒക, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ അംഗമായ ബെഞ്ച് എന്‍ഐഎക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ രാജ താക്കറയെ കോടതിയില്‍ നിര്‍ത്തിപ്പൊരിച്ചു. ഒരാളെയും അവരുടെ ആശയസംഹിത മൂലം ജയിലില്‍ അടയ്ക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് യഹ് യ കോയ തങ്ങള്‍ക്കെതിരായ കേസുകളെല്ലാമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ആദിത്യ സോന്‍ദിയും രാഗേന്ത് ബസന്ദും കോടതിയെ ബോധിപ്പിച്ചു. 2047ഓടെ ഇന്ത്യ ഇസ് ലാമിക രാജ്യമാക്കാനുള്ള അജണ്ടയില്‍ പ്രവര്‍ത്തിച്ചതിനാണ് ആദ്യം അറസ്റ്റ് ചെയ്തതെന്നും ഇതിനു ശേഷമാണ് ശ്രീനിവാസന്‍ വധക്കേസിലെ പങ്ക് വെളിവായതെന്നുമായിരുന്നു ഇതിന് എഎസ്ജി നല്‍കിയ മറുപടി.
പിഎഫ്‌ഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി കൊല്ലാനുള്ള ഇരയെ തിരയാനുള്ള ടീമില്‍ യഹ് യ തങ്ങളും അബ്ദുല്‍ റഊഫും അംഗമായിരുന്നുവെന്നും സുബൈറിന്റെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയുടെ കോംപൗണ്ടില്‍ വച്ചാണ് ശ്രീനിവാസനെ കൊല്ലാനുള്ള തീരുമാനം ഇരുവരും അംഗമായ ടീം തീരുമാനിച്ചതെന്നും എഎസ്ജി കോടതിയില്‍ ആരോപിച്ചു.

കൊലപാതകം നടന്നത് വേറെവിടയോ ആണെന്നും ഇവര്‍ ഇരുന്നത് മറ്റെവിടെയോ ആയിരുന്നുവെന്നും നിരീക്ഷിച്ച കോടതി അവര്‍ എങ്ങനെയാണ് ഇതില്‍ ഉത്തരവാദികളാവുകയെന്നും എഎസ്ജിയോട് ചോദിച്ചു. കൊലപാതകം നടന്നയിടത്താണ് അവര്‍ ഉണ്ടായിരുന്നതെങ്കില്‍ അതു നമുക്ക് മനസ്സിലാക്കാം. എന്നാല്‍ അവര്‍ മറ്റെവിടെയോ ആണ് യോഗം ചേര്‍ന്നതും ജസ്റ്റിസ് ഒക ചൂണ്ടിക്കാട്ടി.

ഒരുപാടു പേരെയല്ല, ഒരാളെ കൊന്നുവെന്നാണ് അവര്‍ക്കെതിരേ ആരോപിക്കുന്നത്. ഒരാളെ മാത്രമാണ് കൊന്നിരിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു. ഒരാളെ കൊന്നതിന് എത്ര പേരെയാണ് നിങ്ങള്‍ക്ക് ജയിലില്‍ അടയ്‌ക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ശ്രീനിവാസനെ കൊല്ലാന്‍ ഹിറ്റ് ടീമുമായി പ്രതികള്‍ ആശയവിനിമയം നടത്തിയതിന് തെളിവില്ലെന്നും ജസ്റ്റിസ് ഒക വ്യക്തമാക്കി. കൊല്ലപ്പെട്ടയാള്‍ക്ക് പ്രത്യേത രാഷ്ട്രീയ തത്വശാസ്ത്രമുള്ളതുകൊണ്ട് മാത്രമാണ് ഇതെല്ലാം സംഭവിക്കുന്നത്. നിരവധി പേരെ നിങ്ങള്‍ ജയിലില്‍ അടച്ചിരിക്കുന്നു. ഇതു സുവ്യക്തമാണെന്നും പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഒക കുറ്റാരോപിതരായ യഹ് യ തങ്ങള്‍ക്കും അബ്ദുല്‍ റഊഫിനും ജാമ്യം അനുവദിച്ചത്.

മറ്റൊരു ഹരജിക്കാരനായ പിഎഫ്‌ഐ നേതാവ് അബ്ദുല്‍ സത്താറിനെതിരേ 71 ക്രിമിനല്‍ കേസുകളുണ്ടെന്ന് എഎസ്ജി കോടതിയില്‍ പറഞ്ഞപ്പോള്‍ അതെല്ലാം ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശപ്രകാരം എടുത്തിട്ടുള്ളതാണെന്ന് അഭിഭാഷകന്‍ ആദിത്യ സോന്‍ദി മറുപടി നല്‍കി.

അബ്ദുല്‍ സത്താര്‍ ജാമ്യത്തിലാണല്ലോയെന്ന കോടതിയുടെ ചോദ്യത്തിന് നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും അയാള്‍ ഇനി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും എഎസ്ജി ആരോപിച്ചു. എന്നാല്‍ അതാണ് നിങ്ങളുടെ പ്രശ്‌നമെന്നും ഒരാളെ തടവിലടയ്ക്കുകയെന്നാണ് നിങ്ങളുടെ സമീപനമെന്നും ജസ്റ്റിസ് ഒക പ്രതികരിച്ചു. വിചാരണ പൂര്‍ത്തിയാക്കി ശിക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും ആ നടപടികള്‍ ദീര്‍ഘിപ്പിച്ച് അത് തന്നെയൊരു ശിക്ഷയാക്കരുതെന്നും ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയര്‍ വ്യക്തമാക്കി. ഇന്നലെയും ഇന്നുമായി ആറ് പിഎഫ്‌ഐ നേതാക്കള്‍ക്കാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ALSO READ: പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി സുപ്രിം കോടതി ജാമ്യം