30
May 2025
Mon
30 May 2025 Mon

അന്‍വറിനു വഴങ്ങിയില്ല, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഉടന്‍ | Nilambur by-election

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ (Nilambur by-election) കോൺഗ്രസ് നേതാവ് അര്യാടന്‍ ഷൗക്കത്ത് (Aryadan Shoukath) യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇന്ന് ചേര്‍ന്ന കെപിസിസി നേതൃ യോഗമാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. തീരുമാനം എഐസിസിയെ അറിയിക്കും. അതിനുശേഷം സ്ഥാനാര്‍ഥിയെ ഇന്നുതന്നെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കും. ചര്‍ച്ചയില്‍ ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയിയുടെ പേര് ഉയര്‍ന്നുവന്നെങ്കിലും സമുദായിക സമവാക്യം ഉൾപ്പെടെ ചർച്ചചെയ്ത് ഷൗക്കത്തിനു അനുകൂലമായി തീരുമാനം എടുത്തു. സംസ്ഥാന നേതാക്കൾ വിഎസ് ജോയിയുമായി സംസാരിക്കുകയുംചെയ്തു.. പാർട്ടി സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ജോയി ഉറപ്പ് നൽകി.

മണ്ഡലത്തിലെ മുൻ എംഎൽഎ അൻവറിൻ്റെ ആവശ്യം തള്ളിയാണ് ശൗക്കത്തിനെ നിർത്തിയത്.
വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി ആ നിര്‍ദേശം തള്ളുകയായിരുന്നു. അന്‍വറിന്റെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്ന് കെപിസിസിസി നിലപാടെടുത്തു. അതിനാൽ യോഗത്തിൽ അര്യാടന്‍ ഷൗക്കത്ത് എന്ന ഒറ്റപ്പേര് മാത്രമാണ് ഉയര്‍ന്നുവന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലിയുടെ പേരിനാണ് മുന്‍ഗണന. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടാകും. ഫറഫലിക്ക് പുറമേ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് എന്നീ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വിഷയത്തിൽ യുഡിഎഫിലെ സ്ഥിതിഗതികളും ഇടതുമുന്നണി നിരീക്ഷിക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൂടി പരിഗണിച്ചാകും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനാണ് അന്‍വറിന്റെ തീരുമാനം. പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് താല്‍പര്യമില്ലെന്ന് അന്‍വര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഷൗക്കത്തിന്റെ വിജയസാധ്യത കുറവാണ്. ഇക്കാര്യം പരിഗണിക്കണമെന്ന് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ഒന്നുകൂടി ആലോചിക്കണമെന്ന് നേരത്തെ അന്‍വര്‍ ചാനലിനോട് പറഞ്ഞിരുന്നു. വി എസ് ജോയിയെ നിര്‍ദേശിച്ചത് കുടിയേറ്റ കര്‍ഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്രത്യേക മമത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ വോട്ട് സിപിഐഎമ്മിലേക്ക് പോകാനാണ് സാധ്യത. അങ്ങിനെയെങ്കില്‍ മത്സരം കടുക്കും. ജാതി മത സമവാക്യം മാത്രം വീക്ഷിച്ചാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. യുഡിഎഫ് ഒന്നുകൂടി ഗൃഹപാഠം ചെയ്യണം.

കോണ്‍ഗ്രസിനകത്തെ സമവാക്യത്തെക്കാളും പ്രാധാന്യം നല്‍കേണ്ടത് നിലമ്പൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കാണ്. താന്‍ യൂദാസ് അല്ലെന്ന് ഏറ്റവുമധികം അറിയുന്നത് ഗോവിന്ദന്‍ മാഷിനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതിക്കൊടുക്കുന്നത് പറയേണ്ട ഗതികേടിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Aryadan shoukath will be udf candidate in Nilambur