25
May 2025
Fri
25 May 2025 Fri
M Swaraj Nilambur

തിരുവനന്തപുരം: ഊഹാപോഹങ്ങള്‍ മുഴുവന്‍ തെറ്റിച്ച് നിലമ്പൂരില്‍ സിപഎമ്മിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥി. (Nilambur By-election: M Swaraj is LDF candidate) ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും. രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്നും പി വി അന്‍വര്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്ത യൂദാസ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചു.

രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് നിലമ്പൂര്‍. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പി വി അന്‍വര്‍ ഇടതുമുന്നണിയെ വഞ്ചിച്ചു. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചെളിവാരിയെറിയുന്നുവെന്നാണ് അന്‍വര്‍ യുഡിഎഫിനെക്കുറിച്ച് പറഞ്ഞത്. അന്‍വറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ALSO READ: എസ്ഡിപിഐ മല്‍സര രംഗത്ത്; അന്‍വറും കളത്തിലിറങ്ങിയാല്‍ യുഡിഎഫിന്റെ നില പരുങ്ങലിലാവും

പാര്‍ട്ടിയെയും സര്‍ക്കാരിനെയും താറടിച്ച് മുന്നണി വിട്ട അന്‍വറിനെതിരെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കണമെന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിരുന്നു. അങ്ങനെയാണ് ഒടുവില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുകയെന്ന തീരുമാനത്തില്‍ സിപിഐഎം എത്തുന്നതും യുവ മുഖവും നിലമ്പൂര്‍ സ്വദേശി കൂടിയായ സ്വരാജിനെ ഗോദയിലിറക്കുന്നതും.

2016 ല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ എം സ്വരാജ് 2021 ല്‍ കെ ബാബുവിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയെങ്കിലും കെ ബാബുവിന്റെ വിജയം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. നിലവില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ് എം സ്വരാജ്.