നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിത്വം വെല്ലുവിളിയാവുക യുഡിഎഫിന്. പാര്‍ട്ടിയുടെ ജി്ല്ലയിലെ കരുത്തനായ നേതാവ് അഡ്വ. സാദിഖ് നടുത്തൊടിയെയാണ് എസ്ഡിപിഐ രംഗത്തിറക്കിയിട്ടുള്ളത്. ഇതിലൂടെ പരമാവധി വോട്ടുകള്‍ സമാഹരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
|
മലയോര മേഖലയില്‍ നിരവധി ജനകീയ വിഷയങ്ങളുണ്ട്. അത് ഉയര്‍ത്തിക്കാട്ടിയാണ് എസ്ഡിപിഐ മല്‍സരിക്കാനൊരുങ്ങുന്നത്. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, മലയോര വികസന പ്രവര്‍ത്തനങ്ങളിലെ ഭരണകൂട വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി എസ്ഡിപിഐ കഴിഞ്ഞ മാസം മലയോര രക്ഷായാത്ര നടത്തിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് സാദിഖ് നടുത്തൊടിയാണ്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ 4751ഉം 2021ല്‍ 3281ഉം വോട്ടുകള്‍ എസ്ഡിപിഐ നേടിയിരുന്നു. ഇത്തവണ വോട്ടുകള്‍ ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് എസ്ഡിപിഐ പ്രതീക്ഷിക്കുന്നത്. വഖഫ് വിഷയം ഉള്‍പ്പെടെ ഉയര്‍ത്തി പാര്‍ട്ടി അടുത്ത കാലത്ത് നടത്തിയ പ്രക്ഷോഭങ്ങള്‍ വോട്ടായി മാറുമെന്ന് പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ALSO READ: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മല്‍സരിക്കും; അഡ്വ. സാദിഖ് നടുത്തൊടി സ്ഥാനാര്‍ഥി
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനോട് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുള്ള വിയോജിപ്പും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് എസ്ഡിപിഐ. മുസ്ലിം ലീഗ് അണികളില്‍ ഒരു വിഭാഗത്തിനും ജമാഅത്തെ ഇസ്ലാമിക്കും ആര്യാടനോട് വിയോജിപ്പുണ്ട്.
പാണക്കാട് തങ്ങന്മാര്‍ക്കും ജമാഅത്തെ ഇസ്ലാമി നേതാവ് മൗലാന മൂദുദിക്കും എതിരേ ഉള്‍പ്പെടെ ആര്യാടന്‍ ഷൗക്കത്ത് പലപ്പോഴായി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട. ഇത് ഒരു വലിയ വിഭാഗം വോട്ടര്‍മാരെ സ്വാധീനിക്കും. ഇത് യുഡിഎഫിന് സൃഷ്ടിക്കുന്ന തലവേദന ചെറുതായിരിക്കില്ല.
മുന്‍ എംഎല്‍എ പി വി അന്‍വറും ഉടക്കിയതോടെ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന യുഡിഎഫിന്റെ നില പരുങ്ങലിലാവും. രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് പ്രവേശനം ഉറപ്പാക്കിയില്ലെങ്കില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നാണ് അന്‍വറിന്റെ ഭീഷണി. യുഡിഎഫിനെതിരേ കടുത്ത വിമര്‍ശനമാണ് അന്‍വര്‍ ഉയര്‍ത്തിയത്. അന്‍വര്‍ മല്‍സര രംഗത്തിറങ്ങിയാല്‍ നിലവിലെ സാഹചര്യത്തില്‍ അതും കൂടുതലായി ബാധിക്കുക യുഡിഎഫിനെയാവും.


