തൃശൂര്‍: വീട്ടമ്മയെ ഒന്നര ദിവസം വീഡിയോ കോളില്‍ ബന്ദിയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്. (Digital arrest: online fraudsters extorted money from a housewife in Chalakudy) ചാലക്കുടി മേലൂര്‍ സ്വദേശിനിയായ റിട്ട. നഴ്‌സ് ട്രീസയെയാണ് തട്ടിപ്പിനിരയാക്കിയത്. പൊലീസ് വസ്ത്രം ധരിച്ച് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി 40,000 രൂപയാണ് കവര്‍ന്നത്.
|
സംഭവത്തില്‍ ട്രീസ സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തുപോയാല്‍ സന്ദീപിന്റെ കൂട്ടാളികള്‍ കൊലപ്പെടുത്തുമെന്നും തട്ടിപ്പുകാരന്‍ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ ഒന്നര ദിവസം വീട്ടമ്മ മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞു.
ALSO READ: 11കാരനെ പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകന് ജീവപര്യന്തം
തട്ടിപ്പിനിടയില്‍ ട്രീസയുടെ ബാങ്കിലുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അക്കൗണ്ടിലേക്കെന്ന് വിശ്വസിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ബാങ്കില്‍ നിന്ന് പണമയക്കാന്‍ ആവശ്യപ്പെട്ടു.
2,60,000 രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ട്രീസ ബാങ്കിലെത്തി. അപ്പോഴും വിവരം പുറത്തുപറഞ്ഞില്ല. അക്കൗണ്ടിന്റെ ലിമിറ്റ് കുറവായതിനാല്‍ പണം അയക്കാനായില്ല.
പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് തട്ടിപ്പുകാരെ അറിയിച്ചതോടെ ഗൂഗിള്‍ പേ വഴി ചെയ്യാന്‍ തട്ടിപ്പുകാരന്‍ നിര്‍ദ്ദേശിച്ചു. ഇത് പ്രകാരം പല ഗഡുക്കളായി 40,000 രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തു.
എന്നാല്‍, പല നമ്പറുകളിലേക്ക് പണം നിക്ഷേപിച്ചതോടെ ട്രീസയ്ക്ക് സംശയം തോന്നി. അയല്‍വാസിയോട് വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തില്‍ സൈബര്‍ പൊലീസിന് പരാതി നല്‍കി.


