ഉന്‍ബാത്തര്‍ (മംഗോളിയ): മകന്റെ ലീലാവിലാസങ്ങള്‍ കാരണം പിതാവിന്റെ അധികാരക്കസേര തെറിച്ചു. (Mangolian prime minister resigns) മംഗോളിയയിലാണ് സംഭവം. പ്രധാന മന്ത്രിയുടെ മകന്‍ പ്രതിശ്രുത വധുവുമൊത്ത് അവധിക്കാലം അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മംഗോളിയന്‍ പ്രധാനമന്ത്രിയുടെ കസേര തെറിച്ചത്. പൊതുജന രോഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഒയുന്‍-എര്‍ഡെന്‍ രാജിവെക്കുകയായിരുന്നു.
|
ഒയുന്‍-എര്‍ഡെന്റെ മകനും പ്രതിശ്രുത വധുവും ആഡംബര ഷോപ്പിങ് നടത്തുന്ന ചിത്രങ്ങളാണ് നെറ്റില്‍ വന്നത്. നീന്തല്‍കുള വേഷത്തില്‍ വേഷത്തില്‍ ഉല്ലസിക്കുന്ന വീഡിയോകളുമുണ്ടായിരുന്നു. ഫോട്ടോകളെക്കുറിച്ച് രാജ്യത്തെ അഴിമതി വിരുദ്ധ ഏജന്‍സി അന്വേഷണമാരംഭിച്ചു. പ്രധാനമന്ത്രിയുടെ കുടുംബത്തിന് ഇത്ര ആഡംബരപൂര്‍ണമായി ജീവിക്കാനുള്ള പണം എവിടെ നിന്നെന്ന ചോദ്യം ജനങ്ങള്‍ ഉയര്‍ത്തി.
ALSO READ: അഡ്വ. കൃഷ്ണരാജിന്റെ നിയമനത്തില്‍ ലീഗ് വാദം പൊളിയുന്നു; നിയമനം പഞ്ചായത്തിന്റെ അറിവോടെ
നൂറുകണക്കിന് യുവാക്കള്‍ മംഗോളിയന്‍ തെരുവുകളില്‍ ഒത്തുകൂടി ഒയുന്‍-എര്‍ഡെന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഒയുന്‍-എര്‍ഡെന്‍ പരാജയപ്പെട്ടു.
വോട്ട് ചെയ്ത 88 നിയമസഭാംഗങ്ങളില്‍ 44 പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. 126 അംഗ പാര്‍ലമെന്റില്‍ അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ കുറഞ്ഞത് 64 വോട്ടുകളെങ്കിലും ആവശ്യമായിരുന്നു.
എന്നാല്‍, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ ആക്രമണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഒയുന്‍-എര്‍ഡെന്‍ പ്രധാനമന്ത്രിയായതിനുശേഷം രാജ്യത്തെ അഴിമതി സ്ഥിതി കൂടുതല്‍ വഷളായതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.


