കൊച്ചി: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം കേരളത്തിലെ സ്വര്‍ണവിപണിയെയും ബാധിക്കുന്നു. തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവില കൂടിയതോടെ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 74,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
|
ഇന്നലെ പവന് പവന് 1560 രൂപ വര്‍ധിച്ചതോടെ ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് വില തുരുത്തിയിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപയാണ് വര്‍ധിച്ചത്.
ഇസ്റാഈല്‍ ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സ്വര്‍ണവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാനത്തും ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ്ഔണ്‍സിന് 3430 ഡോളര്‍ നിലവാരത്തിലേക്ക് എത്തുകയായിരുന്നു. ഡോളറിനെതിരേ രൂപ കൂടുതല്‍ ദുര്‍ബലമായതാണ് ആഭ്യന്തര സ്വര്‍ണവില ഉയരാന്‍ മറ്റൊരു കാരണം. രൂപയുടെ വിനിമയ നിരക്ക് 86.14 ആയാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര സ്വര്‍ണവില 3500 ഡോളര്‍ കടന്ന് മുന്നോട്ട് കുതിക്കാനുള്ള സാധ്യതകളും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വരുംദിവസങ്ങളിലും വില ഉയരുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്. സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നത് വില കുറയുമെന്ന പ്രതീക്ഷയില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തുനിന്നവരെ നിരാശരാക്കി. ഒരു പവന് സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 80,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 10,000 രൂപയ്ക്ക് മുകളിലാകും.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണികളിലും തകര്‍ച്ചയാണ്. സ്വര്‍ണത്തിനും ക്രൂഡ് ഓയിലിനും വില കൂടി. ജനുവരിക്ക് ശേഷം 12 ശതമാനം വിലവര്‍ധനവാണ് ക്രൂഡ് ഓയിലിന് കൂടിയത്. ആക്രമണ വിവരം പുറത്തുവന്ന ശേഷം യു.എസ് മാര്‍ക്കറ്റിലാണ് വന്‍ ഇടിവുണ്ടായത്. യു.എസ് ഓഹരികളില്‍ തുടങ്ങിയ തകര്‍ച്ച മറ്റു മാര്‍ക്കറ്റുകളില്‍ പ്രതിഫലിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയിലും തകര്‍ച്ചയുണ്ടായി.
പൂര്‍ണ യൂദ്ധം ഉണ്ടാകുമെന്ന ഭീതിയിലാണ് എണ്ണ വിലയും സ്വര്‍ണ വിലയും കൂടിയത്. ഇറാന് പരമോന്നത നേതാവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യുദ്ധഭീതി പരന്നത്. ഇസ്റാഈലിന് കയ്പേറിയതും വേദനാജനകവുമായ അനുഭവം ഉണ്ടാകുമെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നിക്ഷേപകര്‍ ഓഹരിവിറ്റ് സ്വര്‍ണം വാരിക്കൂട്ടി. ഇതോടെ ഓഹരികളില്‍ തകര്‍ച്ചയും സ്വര്‍ണത്തിന് വിലകൂടാനും തുടങ്ങി. ആക്രമണം തുടരുമെന്ന നെതന്യാഹുവിന്റെ വിഡിയോ സന്ദേശവും വിപണിയില്‍ ആശങ്കപരത്തി.
The conflict between Iran and Israel is also affecting the gold market in Kerala


