തിരുവനന്തപുരം: ഓവര്‍ട്ടേക്ക് ചെയ്‌തെത്തിയ ബുള്ളറ്റ് ഇടിച്ച് ഓട്ടോയിലെ യാത്രക്കാരിയായ അമ്മയുടെ കൈയില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഒരു വയസ്സുകാരന് ദാരുണമരണം. തിരുവനന്തപുരം വിതുര ജുമാമസ്ജിദിനു സമീപം ഷിജാദ് മന്‍സിലില്‍ ഷിജാദ് – നൗഷിമ ദമ്പതികളുടെ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് മരിച്ചത്.
|
ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് നെടുമങ്ങാട്ടെ പൊന്മുടി റോഡില്‍ മല്ലമ്പ്രക്കോണത്തുവെച്ചാണ് അപകടം സംഭവിച്ചത്. കുഞ്ഞിന്റെ മാതാവ് നൗഷിമയ്ക്ക് കാലിനും തോളിനും പരുക്കേറ്റു. നൗഷിമനെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

വിതുരയില്‍ നിന്ന് ഷിജാദും ഭാര്യയും മൂന്നു മക്കള്‍ക്കൊപ്പം ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. നെടുമങ്ങാട്ടുനിന്നു വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനും പിജി വിദ്യാര്‍ത്ഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഓട്ടോയില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ നൗഷിമയുടെ കൈയിലിരുന്ന മിന്‍ഹാന്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയും ബുള്ളറ്റും മറിഞ്ഞുവീഴുകയുംചെയ്തു. ബുള്ളറ്റില്‍ സഞ്ചരിച്ചവര്‍ വാഹനം ഉപേക്ഷിച്ച് ഓടി. അപകടം ഉണ്ടാക്കിയ ബുള്ളറ്റ് വലിയമല പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. ബുള്ളറ്റ് ഓടിച്ചവരെയും അന്വേഷിക്കുന്നുണ്ട്.
A one-year-old boy died after falling from the arms of a passenger in an autorickshaw that overturned after being hit by a bike.


