ടെല്‍ അവീവ്: ഇറാന് മിസൈലുകളെ തടുക്കാനുള്ള ശ്രമത്തില്‍ ഇസ്രായേലിന്റെ പോക്കറ്റ് കാലിയാകുന്നു. (Israel Iran conflict intensifies its economic toll) പിടിച്ചുനില്ക്കാന് ഇസ്രായേലിന് ഒറ്റദിവസം വേണ്ടിവരുന്നത് ദശലക്ഷക്കണക്കിന് ഡോളര്‍.
|
ഇറാനുമായുള്ള യുദ്ധം ഇസ്രായേലിന്റെ സാമ്പത്തിക നട്ടെല്ല് ഒടിക്കുമെന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഇറാനെ നേരിടാന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് വേണ്ടി മാത്രമായി ഇസ്രയേല്‍ ഓരോ രാത്രിയും 285 ദശലക്ഷം ഡോളര്‍ ചെലവാക്കുന്നുവെന്ന് ഇസ്രായേലി സാമ്പത്തിക പ്രസിദ്ധീകരണമായ ദി മാര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ പുനര്‍ നിര്‍മിക്കാന്‍ മാത്രം 400 ദശലക്ഷം ഡോളര്‍ വേണം.
ഇസ്രായേലിന് ഒറ്റ ദിവസത്തേക്കുള്ള സൈനിക ചെലവ് 725 ദശലക്ഷം ഡോളറാണെന്നാണ് മുന്‍ സീനിയര്‍ ഡിഫന്‍സ് ഓഫീസറും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫിന്റെ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ റിസര്‍വ് ജനറല്‍ റീം അമിനച്ച് വിലയിരുത്തുന്നു. ആദ്യ രണ്ട് ദിവസം മാത്രം 1.45 ബില്യണ്‍ ഡോളറാണ് ഇസ്രായേല്‍ ചിലവാക്കിയത്.
മിസൈല്‍ പ്രതിരോധ സംവിധാനത്തിനാണ് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത്. ഡേവിഡ്സ് സ്ലിങ് സിസ്റ്റം ഉപയോഗിച്ച് ഒരു മിസൈല്‍ തടുക്കുന്നതിന് മാത്രം 7 ലക്ഷം ഡോളറാണ് ചെലവ്.
ഇതില്‍ 593 മില്യണ്‍ ഡോളര്‍ വിമാനങ്ങള്‍ പറത്തുന്നതിനും യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെട്ട ചിലവുകള്‍ക്കുമാണ് വിനിയോഗിച്ചത്. ബാക്കി തുക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും റിസര്‍വ് സൈനികരെ ഒരുക്കല്‍ തുടങ്ങിയ പ്രതിരോധ ചെലവുകള്ക്കുമായാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
3 ലക്ഷം റിസര്‍വ് സൈനികരെയാണ് ഗസായുദ്ധത്തിന് വേണ്ടി രംഗത്തിറക്കിയത്. 27 ദശലക്ഷം ഡോളറാണ് ഇവര്‍ക്കു വേണ്ടി ഓരോ ദിവസവും ചെലവാക്കുന്നത്. ഗസാ യുദ്ധത്തിന്റെ ചെലവ് ഇതിനകം 67 ബില്ല്യന്‍ ഡോളറിലെത്തി. അതിന് പുറമേയാണ് ഇറാനെതിരായ യുദ്ധത്തിന്റെ ചെലവുകള്‍.
സാമ്പത്തികമായി നോക്കുമ്പോള്‍ ഇസ്രായേലിനേക്കാള് ഇറാന് വളരെ മുന്നിലാണ്. 1.44 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുമായി ആഗോളതലത്തില്‍ 22-ാം സ്ഥാനത്താണ് ഇറാന്. 51-ാം സ്ഥാനത്താണ് ഇസ്രായേല്‍. സമ്പദ്വ്യവസ്ഥയാകട്ടെ 471 ബില്യണ്‍ ഡോളറും.
എന്നാല്‍ ഇസ്രായേലിന്റെ പ്രതിരോധ ചെലവ് ഇറാന്റേതിനേക്കാള് ഇരട്ടി തുകയാണ്. 30 ബില്ല്യണ്‍ ഡോളറാണ് ഇസ്രായേലിന്റെ വാര്‍ഷിക സൈനിക ബജറ്റെങ്കില്‍ ഇറാന്റേത് 15 ബില്യണ്‍ ഡോളര്‍ മാത്രമാണ്.
വ്യോമപ്രതിരോധം മുട്ടുമടക്കുന്നു
അതേസമയം, ഇറാന്റെ തിരിച്ചടിയില്‍ മുട്ടുമടക്കുകയാണ് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം. ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ വിവിധയിടങ്ങളില്‍ വന്‍ നാശനഷ്ടം സംഭവിച്ചു. തെക്കന്‍ ഇസ്രായേലിലെ ബീര്‍ഷേബയില്‍ നിരവധി തവണയാണ് ഇറാന്റെ മിസൈല്‍ പതിച്ചത്. ഇറാന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ബീര്‍ഷേബയില്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്കിടയില്‍ വീണ് തകര്‍ന്നു. പ്രദേശത്ത് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും വാഹനങ്ങള്‍ കത്തിയെരിയുകയും ചെയ്തു.
മിസൈല്‍ വീണ് തകര്‍ന്ന പ്രദേശങ്ങളില്‍ വലിയ രീതിയില്‍ പുകപടര്ന്നിരുന്നു. ഈ പുകശ്വസിച്ച് അഞ്ചോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് വിവരം. കെട്ടിടം തകര്‍ന്നുവീണ് എട്ടോളം പേര്‍ക്കും പരിക്കേറ്റു. ഇറാന്റെ മിസൈല്‍ പതിച്ച് ബീര്‍ഷേബയിലെ മൈക്രോ സോഫ്റ്റിന്റെ ഓഫീസ് തകര്‍ന്നു. ആക്രമണ സാധ്യത കണക്കിലെടുത്ത് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.


