കണ്ണൂര്‍: കണ്ണൂര്‍ കായലോട്ടെ റസീനയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കാളച്ചേരി സ്വദേശി റഹീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ മാതാവ് രംഗത്ത്. വിവാഹ വാഗ്ദാനം റസീനയെ പലതവണ പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു, ആഭരണങ്ങള്‍ മോഷ്ടിച്ചു, പണം സ്വന്തമാക്കി എന്നിവയുള്‍പ്പെടെയുള്ള പരാതികളാണ് റഹീസിനെതിരെ മാതാവ് ഉയര്‍ത്തിയത്. ആത്മഹത്യക്ക് കാരണം ആണ്‍സുഹൃത്തെന്ന് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. റസീനയുടെ പണവും സ്വര്‍ണവും ആണ്‍സുഹൃത്ത് തട്ടിയെടുത്തെന്നും പൊലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്നും സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും റസീനയുടെ ഉമ്മ പറഞ്ഞു.
|
റഹീസ് നിലവില്‍ ഒളിവിലാണ്. ഇദ്ദേഹം കേസില്‍ പ്രതിയെല്ലെന്ന് പോലീസ് പറഞ്ഞു. റഹീസിനെ ചോദ്യം ചെയ്യും. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കാരണമാണ് വിട്ടുനില്‍ക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്.
ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തുമായി കാറില്‍ ഒരുമിച്ച് കണ്ടതിന്റെ പേരില്‍ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്നാണ് പരാതി. കേസില്‍ സദാചാര ആക്രമണമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായവരെല്ലാം യുവതിയുടെ ബന്ധുക്കളാണെന്ന് കുടുംബം പറഞ്ഞു. പറമ്പായി സ്വദേശികളായ വിസി മുബഷിര്‍, കെഎ ഫൈസല്‍, വികെ റഫ്‌നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ സദാചാര ആക്രമണം തന്നെയെന്നെന്നാണ് പൊലീസ് പറയുന്നത്. മയ്യില്‍ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറില്‍ സംസാരിച്ചിരിക്കുന്നത് പ്രതികള്‍ കണ്ടെന്നും ഇതേതുടര്‍ന്നുള്ള ചോദ്യംചെയ്യലിലെ വിഷമത്തിലാണ് ജീവനൊടക്കിയതെന്നുമാണ് പോലീസ് പറയുന്നത്. യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും മൊബൈല്‍ ഫോണും ടാബും പ്രതികള്‍ കൈക്കലാക്കിയെന്നും ആരോപണമുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം ആണ്‍ സുഹൃത്ത് പണവും സ്വര്‍ണവും തട്ടിയെടുത്തതില്‍ മനംനൊന്താണ് യുവതിയുടെ ആത്മഹത്യയെന്നാണ് കുടുംബം പറയുന്നത്. ആണ്‍ സുഹൃത്ത് റസീനയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായും ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയത്.
സംഭവത്തില്‍ പങ്കില്ലെന്നും കുടുംബപരമായ പ്രശ്‌നമാണെന്നും എസ്ഡിപിഐ പ്രതികരിച്ചു. കേസില്‍ നിരപരാധികളെ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് പിണറായി പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് എസ്ഡിപിഐ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
Kannur Raseena’s mother makes serious allegations against boyfriend Rahees in her suicide


