തെല്‍ അവീവ്: ആണവകേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ഇസ്രായേലിനെതിരേ ആഞ്ഞടിച്ച് ഇറാന്‍. (At least 16 wounded as Iran launches missile barrages at Israel) ഇസ്രായേലിലേക്ക് 30 മിസൈലുകള്‍ അയച്ചെന്നും തെല്‍അവിവിലും ജറുസലേമിലും സ്ഫോടനമുണ്ടായെന്നും ഇറാന്‍ സൈനിക വക്താവ് അറിയിച്ചു.
|
അതിശക്തമായ ആക്രമണമാണ് ഇസ്രായേലില്‍ നടന്നതെന്നും സേന അറിയിച്ചു. ഹൈഫയില്‍ മാത്രം പത്തോളം മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മിസൈലാക്രമണത്തില്‍ ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. ആക്രമണങ്ങളില്‍ 16 പേര്‍ക്ക് പരിക്കേറ്റതായി സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍, നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപോര്‍ട്ടുകള്‍.
ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറനുകളാണ് മുഴങ്ങുന്നതെന്നും ഇസ്രായേലിന്റെ ഭൂരിഭാഗവും ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവന്‍ വിമാനത്താവളങ്ങളും ഇസ്രായേല്‍ അടച്ചിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ വ്യോമാതിര്‍ത്തികള്‍ അടച്ചതായി ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. വ്യോമാതിര്‍ത്തികള്‍ അടച്ചതിനാല്‍ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും ഉള്ള കരമാര്‍ഗങ്ങള്‍ തുറന്നിരിക്കുന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു.
തൊട്ടുപിന്നാലെ ഇറാന്റെ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായും നിരവധി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇസ്രായേല്‍ അറിയിച്ചു.
ഫോര്‍ദോ ഉള്‍പ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് ഇന്ന് അമേരിക്ക ബോംബിട്ടത്.ഫോര്‍ദോക്ക് പുറമെ നതന്‍സ് , ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വര്‍ഷിച്ചത്.

ദൗത്യം പൂര്‍ത്തീകരിച്ചു ബിഗ് 2 ബോംബര്‍ വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, റേഡിയേഷന്‍ ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്‍ അറിയിച്ചു. ആക്രമണം ഫോര്‍ദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാന്‍ സ്ഥിരീകരീച്ചു. മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു. ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.





