03
Jul 2025
Wed
03 Jul 2025 Wed
abdul fateh mahdi - nimisha priya case

എത്ര വലിയ സമ്മര്‍ദ്ദമുണ്ടായാലും ഇന്ന് അല്ലെങ്കില്‍ നാളെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാകുക തന്നെ ചെയ്യുമെന്ന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫാത്തിഹ് അല്‍ മഹ്ദി. (Talal’s brother says Nimisha Priya’s death sentence will be carried out no matter what pressure is put on family)  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കൂടുംബത്തിന്റെ നിലപാട് അറിയിച്ചത്. സൂഫീ പണ്ഡിതന്‍ ഉമര്‍ ഹഫീളിന്റെ മധ്യസ്ഥതയില്‍ കുടുംബവുമായി അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് കടുത്ത നിലപാടുമായി സഹോദരന്‍ രംഗത്തെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തരത്തിലുള്ള ചര്‍ച്ചകളും ഇടപെടലുകളും പുതിയതല്ലെന്നും എന്നാല്‍ അതൊന്നും തങ്ങളുടെ തീരുമാനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അബ്ദുല്‍ ഫാത്തിഹ് അല്‍ മഹ്ദി അറിയിച്ചു.

”കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ചിലത് ഇന്ത്യന്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍, അതൊന്നും ഞങ്ങളുടെ നിലപാടില്‍ ഒരിഞ്ച് പോലും മാറ്റമുണ്ടാക്കിയിട്ടില്ല. കൊലയ്ക്ക് പകരം കൊല എന്നത് മാത്രമേ ഞങ്ങള്‍ക്ക് സ്വീകാര്യമാവൂ”- അബ്ദുല്‍ ഫാത്തിഹ് അറിയിച്ചു.

ALSO READ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

”ഇപ്പോള്‍ വധശിക്ഷ മാറ്റിവച്ചത് അപ്രതീക്ഷിതമാണ്. ഞങ്ങള്‍ ഒരു അനുരഞ്ജനത്തിനും തയ്യാറാവുകയില്ല എന്ന് അവര്‍ക്കറിയമെന്നിരിക്കേ ഈ നടപടി ദൗര്‍ഭാഗ്യകരമാണ്. വധശിക്ഷാ തിയ്യതി തീരുമാനിച്ച ശേഷമുള്ള അനുരഞ്ജനം ഒരു തരത്തിലും സാധ്യമല്ല. വധശിക്ഷ നടപ്പാക്കുന്നതു വരെ ഞങ്ങള്‍ ഇതിന്റെ പിന്നാലെയുണ്ടാവും. ശിക്ഷ വൈകുന്നതോ സമ്മര്‍ദ്ദമോ ഒരു മാറ്റവും സൃഷ്ടിക്കില്ല. രക്തം വിലകൊടുത്ത് വാങ്ങാനാവില്ല. സത്യം മറച്ചുവയ്ക്കാനാവില്ല. എത്ര തന്നെ വൈകിയാലും പ്രതികാരം നടപ്പിലാവുക തന്നെ ചെയ്യും”- അബ്ദുല്‍ ഫാത്തിഹ് വ്യക്തമാക്കി.

അബ്ദുല്‍ ഫാത്തിഹിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിരവധി മലയാളികള്‍ നിമിഷപ്രിയക്ക് മാപ്പ് നല്‍കാന്‍ ആവശ്യപ്പെട്ട് കമന്റുകളിടുന്നുണ്ട്. അതേസമയം, ഇത്ര ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നാണ് പ്രതികരിച്ച യമനികളില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

ഇന്ന് രാവിലെ പ്രാദേശിക സമയം 9 മണിക്ക്(ഇന്ത്യന്‍ സമയം 11.30) സെന്‍ട്രല്‍ പ്രിസണ്‍ സ്‌ക്വയറിലാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മുഖേന അവസാന നിമിഷം നടത്തിയ ഇടപെടലില്‍ ശിക്ഷ താല്‍ക്കാലികമായി മാറ്റിവച്ചതായാണ് വിവരം.

ചര്‍ച്ച ഇന്നും തുടരും
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യെമനില്‍ ഇന്നും തുടരും. കൊല്ലപ്പെട്ട യെമനി യുവാവ് തലാല്‍ മഹ്ദിയുടെ കുടുംബവുമായി സൂഫിപണ്ഡിതന്‍ ഉമര്‍ ഹഫീളിന്റെ പ്രതിനിധികളാണ് ചര്‍ച്ച നടത്തുന്നത്.

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഉമര്‍ ഹഫീള് വിഷയത്തില്‍ ഇടപ്പെട്ടത്. വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചതിനാല്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്ന് പ്രതിനിധി സംഘം അറിയിച്ചു.

സര്‍ക്കാര്‍ തലത്തില്‍ സാധ്യമായത് എല്ലാം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.