കൊല്ലം: ഷാര്‍ജയില്‍ ചവറ കോയിവിള സ്വദേശിനിയായ അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍. ഭര്‍ത്താവില്‍ നിന്ന് മകള്‍ ക്രൂരപീഡനം നേരിട്ടതായി മാതാപിതാക്കളായ രാജശേഖരന്‍പിള്ള, തുളസീഭായ് എന്നിവര്‍ പറഞ്ഞു.
|
ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുന്നുവെന്ന് അതുല്യ പറഞ്ഞിട്ടുണ്ട്. മദ്യപിച്ച് വന്ന് ക്രൂരമായി മര്‍ദിക്കും. എന്തിനാണ് ഇങ്ങനെ സഹിച്ച് കഴിയുന്നതെന്ന് മകളോട് പലതവണ ചോദിച്ചിട്ടുണ്ട്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് തോന്നുന്നില്ല. ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൗണ്‍സിലിങിന് ശേഷം ഒന്നിച്ചുപോകുകയായിരുന്നു. മകളോട് പലതവണ നാട്ടില്‍ വരാന്‍ പറഞ്ഞതാണ്. അതുല്യ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും ഭർത്താവ് സതീഷ് തടഞ്ഞുവെന്നും മാതാപിതാക്കൾ പറഞ്ഞു.
ചവറ തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജങ്ഷന്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) നെയാണ് ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ
ക്രൂരത വിവരിക്കുന്ന അതുല്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇത്രയൊക്കെ കാണിച്ചിട്ടും സതീഷിനൊപ്പം നില്‍ക്കേണ്ട അവസ്ഥയാണെന്നും ധൈര്യമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്നില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.
അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരേ കൊലക്കുറ്റത്തിന് ചവറ തെക്കുംഭാഗം പൊലിസ് കേസെടുത്തു. കൊലപാതക കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
43 പവന്‍ സ്വര്‍ണം വിവാഹസമയത്ത് കൊടുത്തിരുന്നു. ഇതു കുറഞ്ഞുപോയെന്ന് ആരോപിച്ച് അതുല്യയെ സതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് പരാതി. രണ്ടു ദിവസം മുന്‍പ് സതീഷ് മകളുടെ തലയില്‍ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തിപ്പിടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പരാതിയില്‍ പറയുന്നു. സതീഷ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവായി നല്‍കിയിട്ടുണ്ട്. സഹോദരി അഖിലയ്ക്ക് അതുല്യ അയച്ചതാണ് വിഡിയോ ദൃശ്യങ്ങള്‍. സതീഷ് വീട്ടിലിരുന്ന് കത്തിയും കസേരയുമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെയും മർദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് തെളിവായി നല്‍കിയത്.
അതേസമയം, അതുല്യ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭർത്താവ് സതീഷ് ഷാർജയിൽ മാധ്യമങ്ങളോട് പറഞ്ഞു. അതുല്യയെ ഒന്നുകിൽ ആരോ അപായപ്പെടുത്തി, അല്ലെങ്കിൽ തന്നെ പേടിപ്പിക്കാൻ വേണ്ടി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ കൊല്ലപ്പെട്ടുവെന്നുമാണ് സതീഷ് പറഞ്ഞത്. UAE യിലെ നിയമ സംവിധാനത്തിൽ വിശ്വാസമാണ്. നാട്ടിൽ പൊലിസിന്റെ അന്വേഷണവുമായും സഹകരിക്കും. കൊലപാതകമാണോ എന്നതിൽ സംശയമുണ്ടെ്. തനിക്ക് സത്യം അറിയണം. ഇക്കാര്യം പൊലിസിനെ അറിയിച്ചുവെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സതീഷ് പറഞ്ഞു. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ് ദുബൈയിൽ നിർമാണ കമ്പനിയിൽ എൻജിനിയറാണ്. മുൻ പ്രവാസിയായ ഓട്ടോ ഡ്രൈവർ രാജശേഖരൻ പിള്ളയുടെയും തുളസീ ഭായിയുടെയും മകളാണ് അതുല്യ. ഏക മകൾ ആരാധ്യ (10) നാട്ടിൽ വിദ്യാർഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഷാർജ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
parents of Atulya made serious allegations against her husband regarding her death
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





