23
Jul 2025
Wed
23 Jul 2025 Wed
VS Achuthanandan funeral

തിരുവനന്തപുരം: മഴയും ഉറക്കും അവഗണിച്ച് കൈക്കുഞ്ഞുങ്ങളുമായി കാത്തുനില്‍ക്കുന്ന ആയിരങ്ങള്‍. (VS Achuthanandan funeral)  കേരളം കണ്ട അപൂര്‍വ്വമായ ഒരു വിലാപ യാത്ര. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആലപ്പുഴയുടെ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. പിന്നിട്ട വഴികളിലെല്ലാം പെരുമഴയും തണുപ്പും അവഗണിച്ച് ആയിരങ്ങളാണ് വിഎസിനെ അവസാനമായൊന്ന് കാണാന്‍ ഒത്തുകൂടിയത്. വയോവൃദ്ധരും കൊച്ചുകുട്ടികളും ഉള്‍പ്പെടെ ജനസഹസ്രത്തിന്റെ ഭാഗമായി.

ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വി എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. 10 മണിക്കു മുമ്പായി മൃതദേഹം വീട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11 മണി മുതല്‍ ജില്ലാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.

വിഎസ്സിന്റെ സംസ്‌കാര ചടങ്ങിന്റെ സമയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പൊതുദര്‍ശന സമയം കുറയ്ക്കും. പൊതുദര്‍ശന കേന്ദ്രങ്ങള്‍ വെട്ടിക്കുറച്ചിട്ടില്ല. നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളില്‍ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല.

വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു പ്രായം.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്.