മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ബംഗളുരുവിലാണ് സംഭവം. ബംഗളുരു കഗലിപുരയിലെ ആളൊഴിഞ്ഞ മേഖലയില്‍ നിന്നാണ് നിശ്ചിത് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ട്യൂഷന് ക്ലാസ് വീട്ടിലേക്ക് വരുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് നിശ്ചിത്. സ്വകാര്യ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ജെ സി അജിത് ആണ് നിശ്ചിതിന്റെ അച്ഛന്.
|
രാത്രി ഏഴരയായിട്ടും കുട്ടിയെ കാണാതെ വന്നതോടെ മാതാപിതാക്കള്‍ ട്യൂഷന് അധ്യാപകനെ വിളിച്ചുനോക്കിയപ്പോഴാണ് പതിവ് സമയത്തുതന്നെ വീട്ടിലേക്ക് പോയെന്നു പറയുന്നത്. തുടര്‍ന്നുനടത്തിയ തിരച്ചിലില്‍ പാര്ക്കിനുസമീപത്ത് നിന്ന് കുട്ടിയുടെ സൈക്കിള്‍ കണ്ടെത്തി. ഇതിനിടെ അജ്ഞാതന്‍ ഫോണില്‍ വിളിച്ച് അഞ്ചുലക്ഷം രൂപ നല്കിയാല് മകനെ വിട്ടുനല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. വ്യാഴാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്.
സംഭവത്തില്‍ ഗുരുമൂര്‍ത്തി, ഗോപാല്‍ കൃഷ്ണ എന്നിവരെ പോലീസ് ഏറ്റുമുട്ടലില്‍ വെടിവച്ചു പിടികൂടി. ഇരുവരുടെയും കാലിനാണ് വെടിയേറ്റിട്ടുള്ളത്.
കുട്ടിയുടെ വീട്ടിലെ വാഹനമോടിക്കാന്‍ ഇടയ്ക്ക് പോയിരുന്നയാളാണ് ഗുരുമൂര്ത്തിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ മറ്റ് എന്തെങ്കിലും കാരണം ഉണ്ടോയെന്നും കൂടുതലാളുകള്‍ പിന്നിലുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
ALSO READ: പുലര്‍ച്ചെയെത്തി ഇമാമിന്റെ കാര്‍ കത്തിച്ചു; മുന്‍ ഇമാമിനെതിരേ കേസെടുത്ത് പോലീസ്


