ആലപ്പുഴ ചേര്‍ത്തല തിരോധാന കേസുകളുടെ അന്വേഷണം കൂടുതല്‍ കൊലപാതകങ്ങളിലേക്ക് വെളിച്ചംവീശുമോ? സത്രീകളുമായി ബന്ധം സ്ഥാപിച്ച് സ്വത്ത് തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുന്ന ഒരു സീരിയല്‍ കില്ലറാണോ പ്രതി സെബാസ്റ്റ്യന്‍? സംശയങ്ങളും ദുരൂഹതകളും വര്‍ധിക്കുകയാണോ?
|
ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി റീ ഓപ്പണ്‍ ചെയ്തിരിക്കുകയാണ് പൊലീസ്. അഞ്ചുവര്‍ഷം മുമ്പുള്ള സിന്ധു തിരോധാന കേസിന് പ്രതി സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
അതിനിടെ അതിരമ്പുഴ സ്വദേശി ജെയ്‌നമ്മയെ കൊലപ്പെടുത്തി സെബാസ്റ്റ്യന്‍ സ്വര്‍ണം കൈക്കലാക്കിയെന്ന് പൊലീസ് കണ്ടെത്തി. സെബാസ്റ്റ്യനുമായി ഇന്ന് പള്ളിപ്പുറത്തെ വീട്ടില്‍ തെളിവെടുപ്പ് നടക്കും.
ALSO READ: സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ കനത്ത മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ചേര്‍ത്തലയില്‍ നിന്ന് അഞ്ചുവര്‍ഷം മുമ്പ് കാണാതായ സിന്ധു തിരോധാനമാണ് വീണ്ടും അന്വേഷിക്കുന്നത്. 2020 ഒക്ടോബര്‍ 19നാണ് ചേര്‍ത്തലയില്‍ നിന്ന് സിന്ധുവിനെ കാണാതായത്. തെളിവുകള്‍ ഇല്ല എന്ന കാരണത്തില്‍ 2023ല്‍ അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറും.
അമ്പലത്തില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് സിന്ധു ഇറങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് സിന്ധു തിരിച്ചുവന്നില്ല. മൂന്ന് സ്ത്രീകളെ കാണാതായ കേസിന് സമാനമായ സാഹചര്യങ്ങള്‍ സിന്ധു തിരോധാന കേസിലും ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഭര്‍ത്താവുമായി പിണങ്ങി ഏറെ നാളായി മാറി താമസിച്ചുവരികയായിരുന്നു സിന്ധു. മകളുടെ കല്യാണ നിശ്ചയത്തിന് രണ്ട് ദിവസം മുന്‍പാണ് സിന്ധുവിനെ കാണാതായത്.
അതേസമയം അസ്ഥികൂട അവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ശരീര അവശിഷ്ടങ്ങളുടെ ബാക്കി ഭാഗം എവിടെയെന്ന് കണ്ടെത്തേണ്ടതുണ്ട്. തലയോട്ടിയുടെ ഒരു ഭാഗവും കാലുകളുടെ അവശിഷ്ടങ്ങളും മാത്രമാണ് ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചത്. അന്വേഷണത്തോട് സഹകരിച്ച് തുടങ്ങിയ സെബാസ്റ്റ്യനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.
സെബാസ്റ്റ്യന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തിയതില്‍ തുടങ്ങിയ അന്വേഷണമാണ് ജൈനമ്മ, ബിന്ദു, ഐഷാ എന്നീ സ്ത്രീകളുടെ തിരോധാനത്തിലേക്ക് വിരല്‍ ചൂണ്ടിയത്. മൂന്ന് കേസുകളിലും സെബാസ്റ്റ്യന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കാണാതായ ജൈനമ്മ കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.
സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ ക്ലിപ്പിട്ട പല്ല് ഐഷയുടേതിന് സമാനമെന്ന് സുഹൃത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് കേസിലും അന്വേഷണം ഏകോപിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
2012ല്‍ കാണാതായ ചേര്‍ത്തല സ്വദേശിനി ബിന്ദു പത്മനാഭനുമായി ബന്ധപ്പെട്ട അന്വേഷണമാണ് കോട്ടയം സ്വദേശിയായ ജയ്നമ്മയുടെ തിരോധാനക്കേസിലെത്തിയത്. പിന്നീട് കേസില്‍ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇതിനുശേഷം ഇപ്പോള്‍ ഇതേ പ്രതിയ്ക്ക് ഐഷാ തിരോധനകേസുമായും ബന്ധമുണ്ടെന്ന വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചു.
2012ലാണ് ഐഷയെ കാണാതായത്. 2010നും 2012നും ഇടയിലാണ് മൂന്ന് സ്ത്രീകളേയും കാണാതായത്. ബിന്ദു പത്മാനഭന് സെബാസ്റ്റ്യാനുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും സ്ഥല കച്ചവടം നടത്തിയിട്ടുണ്ട്. ബിന്ദുവിന്റെ പേരില്‍ എറണാകുളം ഇടപ്പള്ളിയില്‍ ഉണ്ടായിരുന്ന സ്ഥലം വ്യാജ രേഖ ചമച്ച് സെബാസ്റ്റ്യന്‍ തട്ടിയെടുത്തതായി ഒരു കേസുണ്ട്. നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്.
ജൈനമ്മയെ പാലയിലെ ഒരു ധ്യാന കേന്ദ്രത്തില്‍ വെച്ചാണ് സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത്. ഇതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ജൈനമ്മയുമായി ബന്ധപ്പെട്ടും ഇയാള്‍ സ്ഥലമിടപാട് നടത്തിയിരുന്നു. കൂടാതെ ജൈനമ്മയുടെ സ്വര്‍ണം സെബാസ്റ്റ്യന്‍ വില്‍പന നടത്തിയിരുന്നു. ഈ സ്വര്‍ണം ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഷയുമായും സെബാസ്റ്റ്യനെ ബന്ധിപ്പിക്കുന്നത് സ്ഥലമിടപാട് തന്നെയാണ്. ഐഷയുടെ പക്കല്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
English News Summary
Will the investigation into the Alappuzha Cherthala disappearance cases shed light on more murders? Is the accused Sebastian a serial killer who establishes relationships with women, steals their property and then kills them? Are doubts and mysteries increasing?



