16
Aug 2025
Mon
16 Aug 2025 Mon
Abu Obeida

ഗസയിലെ ഇസ്രായേലി ബന്ദികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ റെഡ് ക്രോസിനെ അനുവദിക്കുന്നതിന് സന്നദ്ധമാണെന്ന് അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ. എന്നാല്‍, അത് സാധ്യമാവണമെങ്കില്‍ ഗസാ അതിര്‍ത്തികള്‍ ജീവകാരുണ്യ സഹായം എത്തിക്കുന്നതിന് വേണ്ടി പൂര്‍ണമായും തുറക്കുകയും സഹായ വിതരണ സമയത്ത് വെടിനിര്‍ത്തല്‍ നടപ്പാക്കുകയും ചെയ്യണമെന്ന് അബൂ ഉബൈദ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ബന്ദികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള റെഡ് ക്രോസിന്റെ അഭ്യര്‍ത്ഥനയെ ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍, അതിന് മുമ്പായി ഗസയിലെ മുവുവന്‍ ജനങ്ങള്‍ക്കും മരുന്നും ഭക്ഷണവും എത്തിക്കുന്നതിനുള്ള പാതകള്‍ സ്ഥിരമായി തുറന്നു നല്‍കണം. ഫലസ്തീനികള്‍ പട്ടിണിയിലും ഉപരോധത്തിലും നരകിക്കുമ്പോള്‍ ബന്ദികള്‍ക്കു മാത്രമായി പ്രത്യേക പരിഗണന കൊടുക്കാനാവില്ല. ബന്ദികളെ മനപൂര്‍വ്വം പട്ടിണിക്കിട്ടിട്ടില്ല. ഞങ്ങളുടെ പോരാളികളും ജനങ്ങളും എന്താണോ ഭക്ഷിക്കുന്നത്, അത് അവര്‍ക്കും കിട്ടുന്നുണ്ട്.”- അബൂ ഉബൈദ പറഞ്ഞു.

സഹായ വിതരണ സമയത്ത് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി വ്യോമാക്രമണം പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നും അബൂ ഉബൈദ ആവശ്യപ്പെട്ടു.

ALSO READ: വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജഡ്ജി പഠിച്ചത് ധര്‍മസ്ഥല ട്രസ്റ്റിന് കീഴിലെ കോളജില്‍; ഈ കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്ന് അഭിഭാഷകര്‍

നേരത്തേ, ഹമാസ് തടവിലാക്കിയിട്ടുള്ള ഇസ്രായേലികള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും ലഭ്യമാക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് റെഡ്‌ക്രോസിന്റെ ഇന്റര്‍നാഷനല്‍ കമ്മിറ്റിയോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. ഗസയില്‍ പട്ടിണി വ്യാപകമാണെന്ന റിപോര്‍ട്ടുകള്‍ ഹമാസ് പ്രചാരണം മാത്രമാണെന്ന് ആരോപിച്ച് തള്ളിക്കളഞ്ഞ നെതന്യാഹു ഹമാസ് ഇസ്രായേലി ബന്ദികളെ മനപൂര്‍വ്വം പട്ടിണിക്കിടുകയാണെന്നും ആരോപിച്ചു.

പട്ടിണി കിടന്ന് എല്ലും തോലുമായ രണ്ട് ഇസ്രായേലി ബന്ദികളുടെ ദൃശ്യങ്ങള്‍ ഖസ്സാം ബ്രിഗേഡ്‌സും അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സും നേരത്തേ പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ബന്ദികളെ ഉടന്‍ മോചിപ്പിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുകയാണ്. യുദ്ധം അവസാനിപ്പിച്ച് ബന്ദികളുടെ ജീവന്‍ രക്ഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.