16
Aug 2025
Mon
16 Aug 2025 Mon
Dharmasthala case

ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്‌തെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കരുതെന്ന് വിധിച്ച ജഡ്ജി പഠിച്ചത് ധര്‍മസ്ഥല ട്രസ്റ്റിന്റെ കോളേജില്‍. വിധി പറഞ്ഞ ബംഗളുരു കോടതി ജഡ്ജിയായ ബി. വിജയ് കുമാര്‍ റായ് പഠിച്ചത് ധര്‍മസ്ഥല ട്രസ്റ്റിന് കീഴിലുള്ള മംഗളൂരുവിലെ എസ്ഡിഎം ലോ കോളേജിലാണെന്നും ഈ കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ അപേക്ഷ നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ധര്‍മസ്ഥലയിലെ കൊലപാതകങ്ങളില്‍ സംശയ നിഴലിലുള്ള ക്ഷേത്ര ട്രസ്റ്റ് നടത്തുന്ന നിയമവിദ്യാഭ്യാസസ്ഥാപനമാണ് എസ്ഡിഎം ലോ കോളേജ്. ബെംഗളുരു അഡീ. സിറ്റി സിവില്‍ സെഷന്‍സ് കോടതി 10-ലെ ജഡ്ജിയാണ് വിജയ് കുമാര്‍ റായ്. 2004-ല്‍ വിജയ് കുമാര്‍ റായ് പി പി ഹെഗ്‌ഡെയെന്ന അഭിഭാഷകന്റെ ജൂനിയറായിരുന്നു. ധര്‍മസ്ഥല ട്രസ്റ്റുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഈ അഭിഭാഷകന്റെ സ്ഥാപനമാണ്.

ധര്‍മസ്ഥല ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത് ഈ കോടതിയിലാണ്. ഇത് അനുവദിച്ച കോടതി മലയാളത്തിലേത് ഉള്‍പ്പെടെ എണ്ണായിരത്തോളം വാര്‍ത്താ ലിങ്കുകള്‍ പിന്‍വലിക്കാനും ഉത്തരവിട്ടിരുന്നു. വസ്തുതകള്‍ പുറത്തുവരുന്നതും മാധ്യമസ്വാതന്ത്ര്യവും വിലക്കുന്ന ഈ ഉത്തരവ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ALSO READ: ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പിടിച്ചുകൊണ്ടു പോയി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി റിമാന്‍ഡില്‍

ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഒരു യൂട്യൂബ് ചാനലിന് അനുകൂല വിധി ലഭിച്ചു. കേസ് വീണ്ടും പരിഗണിക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതി തിരിച്ചയക്കുകയും ചെയ്തിരുന്നു.

ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറുകള്‍ വേണം
സാക്ഷി ചൂണ്ടിക്കാണിച്ച സ്‌പോട്ടുകള്‍ പരിശോധന നടത്താന്‍ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. പരമാവധി 15 മീറ്റര്‍ ആഴത്തിലുള്ള വസ്തുക്കളെക്കുറിച്ചുള്ള സിഗ്‌നലുകള്‍ ജിപിആറില്‍ ലഭിക്കും. ഭൂമിക്കടിയില്‍ അസ്ഥികള്‍ ഉണ്ടെങ്കില്‍ ഇതുവഴി കണ്ടെത്താനാവുമെന്നാണ് കരുതുന്നത്.

ഉയര്‍ന്ന ഫ്രീക്വന്‍സിയില്‍ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യം ലഭിക്കും. എന്നാല്‍, ഉയര്‍ന്ന ഫ്രീക്വന്‍സിയില്‍ പരമാവധി ഒരു മീറ്റര്‍ ആഴത്തിലേ പരിശോധിക്കാനാകു. ധര്‍മസ്ഥലയിലെ കാട്ടിലെ ദുഷ്‌കരമായ ഭൂമിയില്‍ ജിപിആറുകള്‍ കാര്യക്ഷമമായേക്കില്ലെന്ന ആശങ്കയുമുണ്ട്.

നിരവധി ഇടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒരു സ്‌പോട്ടില്‍ നിന്ന് മാത്രമാണ് ഇതുവരെ അസ്ഥികള്‍ ലഭിച്ചത്. ഇനി മൂന്നോ നാലോ സ്‌പോട്ടുകള്‍ മാത്രമാണ് പരിശോധിക്കാന്‍ ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആധുനികമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.