30
Aug 2025
Tue
30 Aug 2025 Tue
Jammu Kashmir former governor Satyapal Malik passed away

ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്(79) അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു. ഡല്‍ഹി രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018 ആഗസ്ത് മുതല്‍ 2019 ഒക്ടോബര്‍ വരെയാണ് അദ്ദേഹം ജമ്മുകശ്മീര്‍ ഗവര്‍ണറുടെ ചുമതല വഹിച്ചത്. ഇക്കാലയളവിലായിരുന്നു ജമ്മുകശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത്. 2019 ആഗസ്ത് അഞ്ചിനായിരുന്നു ഇത്. ജമ്മുകശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി നീക്കം ചെയ്തതിന്റെ ആറാം വാര്‍ഷകത്തിലാണ് സത്യപാല്‍ മാലിക്കിന്റെ അന്ത്യം.

മൂന്നുതവണ പാര്‍ലമെന്റിലെത്തിയ സത്യപാല്‍ മാലിക്ക് ഒരുതവണ കേന്ദ്രമന്ത്രിയുമായി. ഗോവ, മേഘാലയ, ബിഹാര്‍ സംസ്ഥാനങ്ങളിലും അദ്ദേഹം ഗവര്‍ണര്‍ പദവിയിലിരുന്നിട്ടുണ്ട്.

1960കളിലാണ് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. ഭാരതീയ ക്രാന്തി ദള്‍, കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ച സത്യപാല്‍ മാലിക്ക് 2004ലാണ് ബിജെപിയില്‍ ചേര്‍ന്നത്. വിവാദ കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധം നടത്തിയ കര്‍ഷകരെ പിന്തുണച്ചും 2019ലെ പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ കേന്ദ്രത്തിനെതിരേ ഗുരുതര ആരോപണമുയര്‍ത്തിയും സത്യപാല്‍ വാര്‍ത്തകളിലിടം നേടിയിരുന്നു.

2023ലായിരുന്നു പുല്‍വാമയിലെ ഭീകരാക്രണം ഇന്റലിജന്‍സിന്റെ ഗുരുതരവീഴ്ചയാണെന്ന് സത്യപാല്‍ മാലിക്ക് ചൂണ്ടിക്കാട്ടിയത്. സിആര്‍പിഎഫ് സൈനികരെ മാറ്റുന്നതിന് വിമാനം ആവശ്യപ്പെട്ടിട്ടും ആഭ്യന്തരമന്ത്രാലയം നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. വിഷയത്തില്‍ മൗനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് നിര്‍ദേശിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ALSO READ: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ നാല് മരണം; ഡസന്‍കണക്കിന് പേരെ കാണാതായി