ആധാര്‍ കാര്‍ഡ് പൗരത്വരേഖയായി പരിഗണിക്കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിവച്ച് സുപ്രിംകോടതി. ജസ്റ്റിസ് സൂര്യകാന്ത് തലവനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. പൗരത്വരേഖയായി ആധാര്‍ അംഗീകരിക്കില്ലെന്നും അതു കണ്ടുപിടിക്കേണ്ട കാര്യമാണെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിയാണെന്നും പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
|
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിലപാട് വന്‍തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കപ്പെടുന്നതിനു കാരണമാവുമെന്ന് കപില്‍ സിബല്‍ വാദിച്ചു. 2003ലെ തിരഞ്ഞെടുപ്പ് പട്ടികയില്‍ ഇടംപിടിച്ചവര്‍ പോലും പുതുതായി അപേക്ഷ നല്‍കേണ്ടിവരുന്നുവെന്നും ഇതില്‍ വീഴ്ച വരുത്തിയാല്‍ താമസകേന്ദ്രം മാറിയില്ലെങ്കില്‍ പോലും അവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പുനപ്പരിശോധനാ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചിരുന്നു. പൗരത്വം തെളിയിക്കുന്നതിന് ആധാര്‍ കാര്‍ഡും സ്വന്തം ഐഡി കാര്‍ഡും ഒഴികെയുള്ള രേഖകള്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ യാതൊരു വിധ അന്വേഷണവും നടത്താതെ 65 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കിയെന്നു കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. പൗരത്വം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും വാദമുയര്‍ന്നു.
അതേസമയം എങ്ങനെയാണ് 65 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന കണക്ക് കിട്ടിയതെന്ന് ഹരജിക്കാരോട് കോടതി ചോദിച്ചു. ഇതിനു മറുപടിയായി കപില്‍ സിബല്‍ 2003ലെയും 2025ലെയും വോട്ടര്‍മാരുടെ എണ്ണം കോടതിയെ ബോധിപ്പിക്കുകയും ചെയ്തു.
ALSO READ: ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യവുമായി കുവൈത്ത്





