വോട്ടര്‍പട്ടികയിലെ ഗുരുതര ക്രമക്കേടുകളെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ തൃശൂരിലും സമാനമായ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പ്രതിക്കൂട്ടിലായ കേന്ദ്രമന്ത്രി സുരേഷ് ഗോപി മണ്ഡലത്തില്‍ തിരികെയെത്തി. വന്ദേഭാരത് ട്രെയിനില്‍ തൃശൂരില്‍ എത്തിയ മന്ത്രിയെ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. അതേസമയം വോട്ടര്‍പട്ടികയിലെ ക്രമക്കേട് അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചില്ല.
|
ഇതിനു പിന്നാലെ അപ്രതീക്ഷിതമായി അദ്ദേഹം അങ്കമാലിയിലെ ഇളവൂരിലേക്ക് പോയി. മനുഷ്യക്കടത്തും നിര്‍ബന്ധിത മത പരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ബജ്‌റംഗ്ദളുകാര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ച് പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്ത മലയാളി അറസ്റ്റിലായ കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിക്കാനായിരുന്നു ഈ യാത്ര. സിസ്റ്ററുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ട് സംസാരിച്ച ശേഷം സുരേഷ് ഗോപി മടങ്ങുകയും ചെയ്തു. 15 മിനിറ്റോളം മന്ത്രി സിസ്റ്ററുടെ വീട്ടില്‍ തുടര്‍ന്നു.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചതായി സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരന്‍ ബൈജു പറഞ്ഞു. കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന്് മന്ത്രി മറുപടി നല്‍കിയത്. സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തില്‍ തങ്ങള്‍ തൃപ്തരാണെന്നും ബൈജു പറഞ്ഞു.


