തൃശൂരിലെ വോട്ട് മോഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആലത്തൂര്‍ മണ്ഡലത്തിലെ ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരില്‍ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതായി വിവരം പുറത്തുവന്നു.
|
ഭാരതീയ വിചാരകേന്ദ്രം മുന്‍ ഭാരവാഹി കെ.ആര് ഷാജിക്കാണ് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുള്ളത്. രണ്ട് നമ്പറുകളില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആര്‍എസ്എസ് നേതാവിന് രണ്ട് ഐഡി കാര്‍ഡ് കണ്ടെത്തിയത്.
ALSO READ: കുവൈത്തില്‍ വിഷമദ്യദുരന്തം; 10 പ്രവാസികള്‍ മരിച്ചു; മദ്യം കഴിച്ചവരില്‍ മലയാളികളും
ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പര്‍ GVQ1037092 ആണ്. എന്നാല്‍, തൃശൂരിലെ കാര്‍ഡ് എപ്പിക് നമ്പര്‍ IDZ2317303 ആണ്. ഷാജിയുടെ ഭാര്യക്കും ഇതുപോലെ രണ്ടിടത്തും വോട്ടുണ്ട്.
രണ്ട് ഐഡി ഉണ്ടാകുന്നത് കുറ്റമല്ലെന്ന് ഷാജി
രണ്ട് ഐഡി കാര്‍ഡ് ഉണ്ടാകുന്നത് കുറ്റമല്ലെന്നും രണ്ട് വോട്ട് ചെയ്താല്‍ മാത്രമേ കുറ്റമാകൂ എന്ന വിചിത്ര ന്യായമാണ് ആര്‍എസ്എസ് നേതാവ് കെ ആര് ഷാജി ഉന്നയിക്കുന്നത്. എന്നാല്‍, വ്യത്യസ്ഥ ഐഡി നമ്പറില്‍ ഒരേ ആള്‍ക്ക് വോട്ട് ഉണ്ടാകുന്നത് ഗുരുതര ചട്ടലംഘനമാണ്.
രണ്ട് ഐഡി കാര്‍ഡ് ഉണ്ടെന്ന് സമ്മതിച്ച ഷാജി താന്‍ ഒരിടത്ത് മാത്രമേ വോട്ട് ചെയ്തുള്ളൂ എന്നാണ് പറയുന്നത്. താന്‍ തൃശൂരില്‍ വോട്ട് ചെയ്യാന്‍ ആലോചിച്ചെങ്കിലും പോയില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
”രണ്ട് സ്ഥലത്ത് വോട്ട് ഉള്ളത് കൊണ്ടാണ് രണ്ട് ഐഡി കാര്‍ഡ് വന്നത്. സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാനാണ് അവിടെ താമസിക്കുന്ന സമയത്ത് അവിടെ വോട്ട് ആക്കിയത്. നിയമം അനുശാസിക്കുന്ന വോട്ട് എനിക്ക് 2 സ്ഥലത്തുണ്ട്. രണ്ട് സ്ഥലത്ത് വോട്ട് ചെയ്താലേ ക്രിമിനല്‍ കുറ്റം ആകൂ. ഞാന്‍ വോട്ട് ചെയ്തത് ആലത്തൂരിലാണ്. ഞാന്‍ എന്തായാലും നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ല. ഇലക്ഷന് കാര്‍ഡ് കൊടുത്തിട്ടാണ് വോട്ട് മാറ്റാന്‍ കൊടുത്തത്. മാറ്റുമെന്ന് പ്രതീക്ഷിച്ചു. മാറ്റിയില്ല അതുകൊണ്ടാണ് പഴയ ഇടത്ത് തന്നെ വോട്ട് ചെയ്തത്”- ഇതാണ് ഷാജി പറയുന്ന ന്യായം.
എന്നാല്‍, ഒരു സ്ഥലത്ത് നിന്ന് വോട്ട് മാറ്റിയാല്‍ അഡ്രസ് മാത്രമാണ് മാറുക. എപിക് നമ്പര്‍ മാറില്ല. ഈ ചട്ടം ലംഘിച്ചാണ് ഷാജിക്കും ഭാര്യക്കും രണ്ടിടത്ത് രണ്ട് എപിക് നമ്പറുകളില്‍ വോട്ടര്‍ ഐഡി ലഭിച്ചിരിക്കുന്നത്.


