കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ മദ്യം കഴിച്ചു 13 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോള്‍ കലര്‍ന്ന പാനീയങ്ങള്‍ കഴിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ 63 പേര്‍ ചികിത്സ തേടിയിരുന്നു. ഇതില്‍പ്പെട്ട 13 പേരാണ് മരിച്ചത്. ഇരകളെല്ലാം ഏഷ്യന്‍ പൗരന്മാരാണ്. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് അറിയുന്നത്.
|
നിരവധി പേര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. 31 കേസുകളില്‍ സി.പി.ആര്‍ ചികിത്സ നല്‍കി. 51 പേര്‍ അടിയന്തര ഡയാലിസിസിന് വിധേയരായി. 21 പേര്‍ക്ക് സ്ഥിരമായോ താല്‍ക്കാലികമായോ കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. വിഷയത്തില്‍ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പുകളും തമ്മില്‍ ഏകോപനം തുടരുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച പ്രാദേശികമായി നിര്‍മിച്ച മദ്യം കഴിച്ചു ഫര്‍വാനിയ, അദാന്‍ ആശുപത്രികളില്‍ നിരവധി പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരിച്ചവരുടെ വിവരങ്ങള്‍,രാജ്യം എന്നിവ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അല്‍ അഹമദി ഗവണറേറ്റിലെ വിവിധയിടങ്ങളിലാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് ഇവരില്‍ പലരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
കുവൈത്തില്‍ പലയിടങ്ങളിലായി ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചു. എന്താണ് സംഭവം എന്ന് അന്വേഷിച്ചതോടെയാണ് വ്യാജമദ്യദുരന്തമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് വ്യക്തമായത്.
ജലീബ് ബ്ലോക്ക് ഫോറില്‍ ഉണ്ടാക്കിയ മദ്യം ഇവര്‍ വാങ്ങിക്കഴിച്ചിരുന്നുവെന്നാണ് വിവരം. ഈ മദ്യത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്നാണ് സൂചന. പലയിടങ്ങളിലുള്ള ലേബര്‍ ക്യാമ്പില്‍നിന്നുള്ളവരാണ് ദുരന്തത്തിനിരയായത്.


