17
Aug 2025
Sat
17 Aug 2025 Sat
AMMA leaders

അമ്മ പ്രസിഡന്റ് പദവി കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്ന് നടി ശ്വേത മേനോന്‍. സംഘടനയില്‍ ചര്‍ച്ചകളിലൂടെ മാറ്റങ്ങള്‍ നടപ്പാക്കുമെന്നും ശ്വേത പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമുഖ നടന്മാര്‍ പലരും എത്താതിരുന്ന അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ കടുത്ത മല്‍സരത്തിലൂടെയാണ് പ്രസിഡന്റായി ശ്വേത മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും വിജയിച്ചു.

ആകെ 504 അംഗങ്ങളുള്ള സംഘടനയില്‍ വോട്ടെടുപ്പില്‍ വലിയ ഇടിവാണ് കണ്ടത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ, ജയസൂര്യ, ബേസില്‍, മുകേഷ്, സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവര്‍ വോട്ട് ചെയ്‌തെങ്കിലും ചെന്നൈയിലുള്ള മമ്മൂട്ടിക്കു പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, മഞ്ജു വാര്യര്‍, ഉര്‍വശി, നിവിന്‍ പോളി തുടങ്ങിയവരും വോട്ട് ചെയ്യാന്‍ എത്തിയില്ല.

ALSO READ: പിറന്നാള്‍ ആഘോഷത്തിനിടെ കേക്ക് പൊട്ടിത്തെറിച്ചു; കുളത്തിലേക്ക് ചാടി യുവാവ്

കഴിഞ്ഞ തവണ 357 പേര്‍ വോട്ട് ചെയ്യാനെത്തിയിരുന്നു. ഇത്തവണ അത് 298 ആയി കുറഞ്ഞിരുന്നു. ഏറ്റവും കടുത്ത മത്സരം പ്രസിഡന്റ് പദവിയിലേക്ക് നടന്നപ്പോള്‍ 27 വോട്ടിനാണ് ശ്വേത മേനോന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ നടന്‍ ദേവനെ പരാജയപ്പെടുത്തിയത്.

പ്രസിഡന്റ് സ്ഥാനത്ത് ശ്വേത മേനോന്‍ 159 വോട്ട് നേടി. അതേസമയം ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ 172 വോട്ട് നേടിയപ്പോള്‍ രവീന്ദ്രന് 115 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 57 വോട്ടാണ് കുക്കു പരമേശ്വരന്റെ ഭൂരിപക്ഷം. ട്രഷറര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ണി ശിവപാല്‍ 167 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടാണ് നേടാനായത്.

എക്‌സിക്യുട്ടീവ് കമ്മിറ്റി: കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍, ടിനി ടോം, ജോയ് മാത്യു, വിനു മോഹന്‍, റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ്, സരയൂ മോഹന്‍, അഞ്ജലി നായര്‍, ആശാ അരവിന്ദ്, നീനാ കുറുപ്പ്.

സംഘടനയെന്നനിലയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന സന്ദേശമാണ് പ്രസിഡന്റ് ശ്വേതാ മോനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും നയിക്കുന്ന ടീം നല്‍കുന്നത്. ”സിനിമയില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. അവിടെ കഥാപാത്രങ്ങള്‍ മാത്രമാണ്. അതുപോലെത്തന്നെയാണ് അമ്മ എന്ന സംഘടനയും” -ശ്വേതാ മേനോന്‍ വ്യക്തമാക്കി.