24
Aug 2025
Sun
24 Aug 2025 Sun
speech by Abid Hudawi advocating for untiy between Muslim League and Samastha become controversary

കോഴിക്കോട്: മുസ്ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ഒന്നിച്ച് നില്‍ക്കണമെന്ന വിധത്തില്‍ ആബിദ് ഹുദവി തച്ചണ്ണ എന്ന ലീഗ് അനുകൂല പണ്ഡിതന്‍ പള്ളിയില്‍ വച്ച് നടത്തിയ പ്രസംഗം വിവാദമാകുന്നു. ബിരിയാണിച്ചെമ്പ് വെച്ച അടുപ്പിന്‍ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നില്‍ക്കുന്നതാണ് ഉമ്മത്തിന്റെ (സമുദായം) ശക്തിയെന്ന വിധത്തിലാണ് ആബിദ് ഹുദവിയുടെ പ്രസംഗം. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും പ്രസംഗത്തില്‍ ആബിദ് ഹുദവി ആവശ്യപ്പെടുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച കോഴിക്കോട് വടകരയിലെ ഓര്‍ക്കാട്ടേരി ജുമുഅത്ത് പള്ളിയില്‍ ജുമുഅ നിസ്‌കാരത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രസംഗത്തിലാണ് ആബിദ് ഹുദവിയുടെ രാഷ്ട്രീയ പ്രസംഗം. സമസ്തയ്ക്കും മുസ്ലിം ലീഗിനും ഇടയിലുണ്ടായ ഭിന്നിപ്പിനിടെ, ലീഗ് നേതാക്കളായ പാണക്കാട് തങ്ങന്‍മാരെ അനുകൂലിച്ചും, സമുദായത്തിന് ലീഗിനെ ആവശ്യമാണെന്നുമുള്ള തരത്തിലുള്ള പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.


പ്രസംഗത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോ പങ്കുവച്ച്, ആബിദ് ഹുദവിയുടെ പ്രസംഗത്തിനെതിരെ കാന്തപുരം സുന്നി നേതാവ് വഹാബ് സഖാഫി മമ്പാട് രംഗത്തുവന്നു. ഇസ്ലാമിക ചരിത്രത്തിലോ സമസ്തയുടെ ചരിത്രത്തിലോ ഇങ്ങനെയൊരു അടുപ്പിന്‍കല്ല് തിയറിയുണ്ടോ എന്ന് വഹാബ് സഖാഫി ചോദിച്ചു.

സമസ്തയുടെ രൂപീകരണ കാലത്ത് മുസ്ലിംലീഗെന്ന അടുപ്പിന്‍ കല്ല് രൂപം കൊണ്ടിട്ടില്ലെന്നും ആരാധനക്കായി ഉപയോഗിക്കുന്ന പള്ളികള്‍ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെറ്റാണെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടി. ഹുദവിയുടെ ബിരിയാണി ചെമ്പ് പ്രയോഗവും വിവാദമായിട്ടുണ്ട്.

speech by Abid Hudawi advocating for untiy between Muslim League and Samastha become controversary