റിട്ടേണിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുപ്രിം കോടതിയില്‍ പോയി തിരഞ്ഞെടുപ്പിനെതിരേ ഹരജി ഫയല്‍ ചെയ്യാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ 45 ദിവസത്തെ കാലയളവിനുശേഷം അത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണങ്ങളില്‍മേല്‍ രാജ്യത്ത് ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
കേരളത്തിലായാലും കര്‍ണാടകയിലായാലും ബിഹാറിലായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും നാളുകള്‍ക്കു ശേഷം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം വോട്ടര്‍മാരും രാജ്യത്തെ ജനങ്ങളും മനസ്സിലാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കുറച്ച് ദിവസം മുമ്പ് നിരവധി വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതായി നമ്മള് കണ്ടു. അവ ഉപയോഗിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചു. അമ്മമാര്‍, മരുമക്കള്‍, പെണ്മക്കള് എന്നിവരുള്‍പ്പെടെ ഏതെങ്കിലും വോട്ടറുടെ സിസിടിവി വിഡിയോകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പങ്കുവയ്ക്കണമെന്നാണോ പറയുന്നത്? വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍, ഒരു കോടിയിലധികം ജീവനക്കാര്‍, 10 ലക്ഷത്തിലധികം ബൂത്ത് ലെവല്‍ ഏജന്റുമാര്‍, 20 ലക്ഷത്തിലധികം സ്ഥാനാര്‍ഥികളുടെ പോളിങ് ഏജന്റുമാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ഇത്രയധികം ആളുകളുടെ മുന്നില്‍ ഇത്രയും സുതാര്യമായ ഒരു പ്രക്രിയയില്‍, ഏതെങ്കിലും വോട്ടര്‍ക്ക് വോട്ട് മോഷ്ടിക്കാന്‍ കഴിയുമോ ? ചില വോട്ടര്‍മാര്‍ക്കെതിരേ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചു. തെളിവ് ചോദിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോ മറ്റു വോട്ടര്‍മാരോ ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തോളില്‍ തോക്കു വച്ചിട്ട് ഇന്ത്യയിലെ വോട്ടര്‍മാരെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയം നടക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മീഷന് അവര്‍ക്കൊപ്പം പാറപോലെ ഉറച്ചുനില്‍ക്കും. ദരിദ്രര്‍, ധനികര്‍, വയോധികര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലെയും എല്ലാ മതങ്ങളിലെയും എല്ലാ വോട്ടര്‍മാരുമായും തിരഞ്ഞെടുപ്പ് കമ്മിഷന് യാതൊരു വിവേചനവുമില്ലാതെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഷീന് റീഡബിള്‍ വോട്ടര്‍ പട്ടിക നിരോധിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് ചൂണ്ടിക്കാട്ടി.
വോട്ടര്‍ പട്ടികയിലെ എല്ലാ പോരായ്മകളും ഇല്ലാതാക്കാന്‍ വേണ്ടിയാണ് ബിഹാറില്‍ എസ്ഐആര്‍ നടപ്പാക്കിയതെന്നും കമ്മീഷണര്‍ പറഞ്ഞു. 1.6 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (ബിഎല്‍എ) ചേര്‍ന്നാണ് കരട് പട്ടിക തയാറാക്കിയത്. ബിഹാറിലെ എസ്ഐആറിനെ പൂര്‍ണ വിജയമാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ബിഹാറിലെ ഏഴു കോടിയിലധികം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനൊപ്പം നില്ക്കുമ്പോള്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെക്കുറിച്ചോ വോട്ടര്‍മാരുടെ വിശ്വാസ്യതയെക്കുറിച്ചോ ഒരു ചോദ്യചിഹ്നവും ഉയര്‍ത്താന്‍ സാധിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





