29
Aug 2025
Tue
29 Aug 2025 Tue
cant consider sex during in a relation as rape Kerala High court reminds complainant

ഒരു ബന്ധത്തിലിരിക്കെ നടക്കുന്ന ശാരീരികബന്ധം ആ ബന്ധം പിരിഞ്ഞ ശേഷം ബലാല്‍സംഗമായി കണക്കാക്കാനാവില്ലെന്ന് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരേ പരാതി നല്‍കിയ യുവതിയോട് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ഹിരണ്‍ദാസ് മുരളിയെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. തനിക്കെതിരേ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി വാദംകേള്‍ക്കവെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് അറസ്റ്റ് താല്‍ക്കാലികമായി അറസ്റ്റ് തടഞ്ഞത്. കേസില്‍ നാളെയും വാദം തുടരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസിലെ പരാതിക്കാരിയെ കഴിഞ്ഞ ദിവസം കോടതി കേസില്‍ കക്ഷി ചേര്‍ത്തിരുന്നു. വേടനെതിരെ ഒട്ടേറെ പേര്‍ പരാതികള്‍ ഉന്നയിച്ചിരുന്നു എന്ന് ഇന്ന് വാദത്തിനിടെ പരാതിക്കാരി ചൂണ്ടിക്കാട്ടി. എന്നാല്‍ മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വാദമെന്ന് കോടതി പ്രതികരിച്ചു. തുടര്‍ന്ന് ‘മീ ടൂ’ ആരോപണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വേടന്‍ മാപ്പു പറഞ്ഞ കാര്യം പരാതിക്കാരി ചൂണ്ടിക്കാട്ടി. വിവാഹ വാഗ്ദാനം നല്‍കിയാണ് വേടന്‍ പീഡിപ്പിച്ചത്. എന്നാല്‍ പൊടുന്നനെ വേടന്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ താന്‍ വിഷാദ രോഗത്തിന് അടിപ്പെട്ടെന്നും പരാതിക്കാരി പറഞ്ഞു.

വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ആരോപിച്ചതോടെ എങ്ങനെയാണ് അതു പറയാനാവുകയെന്ന് കോടതി ചോദിച്ചു. വേടനെതിരേ വേറെയും പരാതികളുണ്ടെന്നും അത്തരത്തില്‍ രണ്ടു പേര്‍ പരാതി മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. എന്നാല്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ മുഖ്യമന്ത്രിക്ക് എന്താണ് കാര്യമെന്നും എഫ്‌ഐആര്‍ എങ്കിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയത്. ഇനി പ്രോസിക്യൂഷന്റേയും വേടന്റെയും വാദങ്ങള്‍ കൂടി കേട്ട ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുക.

ALSO READ: കോതമംഗലത്ത് കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി വിഷം കൊടുത്ത് കൊന്നത് ലൈംഗികബന്ധത്തിനുശേഷമെന്ന് അറസ്റ്റിലായ യുവതിയുടെ മൊഴി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക